Sorry, you need to enable JavaScript to visit this website.

കടബാധ്യതമൂലം ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം, കുടുംബത്തിലെ അഞ്ചു പേർ ഒഴുക്കിൽപെട്ടു, മുത്തശ്ശിയെയും പേരമകളെയും കാണാതായി

പൂക്കോട്ടുംപാടം-അമരമ്പലം പഞ്ചായത്തിലെ അമരമ്പലം സൗത്ത് ശിവക്ഷേത്രത്തിനു സമീപം ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.രണ്ടു പേർക്കായുള്ള തിരച്ചിൽ തുടരുന്നു. ബുധനാഴ്ച്ച പുലർച്ചെ രണ്ടരയോടെ  ക്ഷേത്ര കടവിലാണ് സംഭവം.  അമരമ്പലം സൗത്തിലെ കൊട്ടാടൻ സുശീല (55), മകൾ സന്ധ്യ(32), സന്ധ്യയുടെ മക്കളായ അനുശ്രീ(12),അനുഷ (12),അരുൺ (11) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.സന്ധ്യ,അനുഷ,അരുൺ എന്നിവരാണ് രക്ഷപ്പെട്ടത്.സുശീലയെയും പേരമകളായ അനുശ്രീയെയുമാണ് കാണാതായത്.ആത്മഹത്യ ചെയ്യാനായി കുടുംബം പുഴയിൽചാടിയതാണെന്നും സംശയമുയർന്നിട്ടുണ്ട്.
പുലർച്ചെ വീടിനു സമീപത്തുള്ള ശിവക്ഷേത്രം കടവിലെത്തിയ കുടുംബാംഗങ്ങൾ പുഴയിലേക്ക് ഇടങ്ങുകയായിരുന്നു. ഇതിനിടെ അരുൺ, അനുഷ എന്നിവർ തിരികെ നീന്തികയറി.സന്ധ്യ രണ്ടു കിലോമീറ്റർ അകലെയുള്ള ചെറായി കടവിലും നീന്തികയറി.രക്ഷപ്പെട്ട അനുഷയും അരുണും തങ്ങൾ താമസിക്കുന്ന വാടക ക്വോട്ടേഴ്സിലെ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.നാട്ടുകാർ  പൂക്കോട്ടുംപാടം പോലീസിൽ വിവരം അറിയിച്ചു.തുടർന്ന് നിലമ്പൂർ ഫയർ ആന്റ് റെസ്‌ക്യു അധികൃതരും എമർജൻസി റസ്‌ക്യു ഫോഴ്സ് ടീമും നാട്ടുകാരും സംയുക്തമായി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും സുശീല, അനുശ്രീ എന്നിവരെ കണ്ടെത്താനായില്ല.  കഴിഞ്ഞ ദിവസം മഴ ശക്തമായതിനാൽ കുതിരപ്പുഴയിൽ വെള്ളം ഉയർന്നതും ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. ഇതോടെ ദേശീയ ദുരന്തനിവാരണ സേനയും തെരച്ചിലിനിറങ്ങി.ഇന്നലെ ഏറെ വൈകിയും സുശീലക്കും അനുശ്രീക്കും വേണ്ടി തിരച്ചിൽ തുടർന്നു. 
സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് സന്ധ്യ മൊഴി നൽകിയതായി അറിയുന്നു.സ്വന്തം വീട് തകർന്ന് വീണതിനെ തുടർന്ന് സുശീല മക്കളോടും പേരക്കുട്ടികളോടും ഒപ്പം വാടക ക്വാർട്ടേഴ്‌സിൽ ആയിരുന്നു താമസിച്ച് വന്നിരുന്നത്. വാടക നൽകേണ്ട ദിവസമായിരുന്നു ഇന്ന്. 
പെരിന്തൽമണ്ണ ഡെപ്യൂട്ടി കലക്ടർ ശ്രീധന്യ സുരേഷ്,തഹസിൽദാർ എം.പി സിന്ധു,വില്ലേജ് ഓഫീസർ എൻ.വി ഷിബു,പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, ജനപ്രതിനിധികൾ,വിവിധ വകുപ്പു ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സന്ധ്യയുടെ ഭർത്താവ് ബാബുരാജ് വിദേശത്താണ്.മക്കൾ മൂന്നുപേരും അമരമ്പലം സൗത്ത് ഗവ. യു.പി. സ്‌കൂൾ വിദ്യാർഥികളാണ്.
 

Latest News