Sorry, you need to enable JavaScript to visit this website.

സമയ പരിധി തീരുന്നു: പിതാവിനെ കാണാനാകാതെ മഅ്ദനി വെള്ളിയാഴ്ച മടങ്ങും

കൊച്ചി-രോഗിയായ പിതാവിന കാണാനാകാത്ത ഹൃദയ വേദനയോടെ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ  മഅ്ദനി വെള്ളിയാഴ്ച ബെംഗളൂരുവിലേക്ക് തിരിച്ചുപോകും.  മഅ്ദനിയുടെ കേരള സന്ദർശനത്തിന് കർണാടക കോടതി അനുവദിച്ച സമയ പരിധി വെള്ളിയാഴ്ച അവസാനിക്കും. നാളെ വൈകുന്നേരം വിമാനമാർഗം നെടുമ്പാശ്ശേരിയിൽ നിന്ന് യാത്ര തിരിക്കുമെന്ന് പി.ഡി.പി വൃത്തങ്ങൾ അറിയിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 10 ദിവസമായി ചികിത്സയിൽ കഴിയുന്ന മഅ്ദിനയുടെ ആരോഗ്യ നില മാറ്റമില്ലാത്തതിനാൽ ഇതുവരെ പിതാവിനെ കാണാൻ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകാൻ സാധിച്ചിരുന്നില്ല.
ജാമ്യ വ്യവസ്ഥയിലെ ഉപാധി മൂലം ബെംഗളൂരു വിട്ടുപോകാൻ കഴിയാതെ തടങ്കലിന് സമാനമായി കഴിഞ്ഞു വരുന്ന മഅ്ദനി പിതാവിനെ കാണുന്നതിനാണ് കർണാടക കോാടതിയുടെ അനുമതിയോടെ കേരളത്തിലെത്തിയത്. സുപ്രീം കോടതിയുടെ ഉത്തരവിന്മേൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടി കഴിഞ്ഞ 27നാണ് ബെംഗളൂരുവിൽ നിന്ന് വിമാന മാർഗം നെടുമ്പാശ്ശേരിയിലെത്തിയത്. റോഡ് മാർഗം പിതാവിനെ കാണാൻ ശാസ്താംകോട്ടയിലുള്ള കുടുംബ വസതിയിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹത്തിന് ആലുവ ഭാഗത്ത് വെച്ച് കടുത്ത ശാരീരികാസ്വസ്ഥതയും തുടർച്ചയായ ഛർദ്ദിയുമുണ്ടാവുകായിരുന്നു. ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റമില്ലാത്ത തുടർന്ന സാഹചര്യത്തിൽ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘം യാത്ര ചെയ്യാൻ അനുവദിക്കാതായതോടെ പിതാവിനെ കാണണമെന്നാഗ്രഹം നിറവേറ്റാനായില്ല.
സർക്കാർ ഇടപടിലിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹനന്റെ നേതൃത്വത്തിലുള്ള ഉന്നത മെഡിക്കൽ സംഘം കഴിഞ്ഞ ദിവസം മഅ്ദനിയെ സന്ദർശിച്ച് വിദഗ്ധ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
ഇരു വൃക്കകളും തകരാറായതിനെ തുടർന്ന് ക്രിയാറ്റിൻ ലെവൽ 10.6ൽ എത്തിയതിനാൽ നിലവിൽ ഡയാലിസിസ് ചെയ്യാനും കഴിയാത്ത അവസ്ഥയിലാണെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്.
 

Latest News