Sorry, you need to enable JavaScript to visit this website.

തട്ടിപ്പുകളുടെ വിളനിലമായ സർവകലാശാലകൾ

കേരളത്തിലെ സർവകലാശാലകളിലെ നിയമനങ്ങളിലെ രാഷ്ട്രീയ പക്ഷപാതവും വീതംവെപ്പുമെല്ലാം പണ്ടേയുള്ളതാണ്. എന്നാലിപ്പോൾ പുറത്തു വരുന്ന മാർക്ക് തട്ടിപ്പുകളും യോഗ്യതയില്ലാത്തവരുടെ പ്രവേശനവുമെല്ലാം അതിലും ഗൗരവമേറിയതാണ്. നിലവാരത്തകർച്ച പുതിയ തലമുറയുടെ ഭാവിയെ സാരമായി ബാധിക്കും 


ഏകദേശം ഒരു വർഷം മുമ്പ് പ്രമുഖ ദേശസാൽക്കൃത ബാങ്ക് മധുര ഡിവിഷനിലേക്ക് പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. നിയമനം മധുര മേഖലയിലെ ശാഖകളിലായിരിക്കും. ഈ പരസ്യത്തിൽ ശ്രദ്ധേയമായ ഒരു നിബന്ധനയുണ്ടായിരുന്നു. 2019 ലും തൊട്ടടുത്ത വർഷത്തിലും ഡിഗ്രിയെടുത്തവർ അപേക്ഷിക്കേണ്ടതില്ലെന്ന്. അതായത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയം മുതൽ ഡിഗ്രിയെടുത്തവരെ ഞങ്ങൾക്ക് വേണ്ടതില്ലെന്ന്. അതിന് തക്കതായ കാരണവുമുണ്ട്. തലയിൽ ആൾപാർപ്പുള്ളവരായിരിക്കും പരസ്യം നൽകിയതിന് പിന്നിൽ. പല സർവകലാശാലകൾക്കും സാധാരണ പോലെ പരീക്ഷ നടത്താനൊന്നും കഴിഞ്ഞിരുന്നില്ല. ഓൺ ലൈനിൽ എന്തെങ്കിലും അഭ്യാസം കാണിച്ചാൽ പോലും നൂറിൽ നൂറ് മാർക്ക് കൊടുത്തിട്ടുണ്ടാവും. ഇംഗഌഷിൽ ഒരു വാചകം പോലും പറയാനാവില്ല. ബാങ്കിംഗ്, അക്കൗണ്ടൻസി തുടങ്ങിയവയിലെ പ്രാവീണ്യം പറയാനുമില്ല. ഏതായാലും പരസ്യം വിവാദമായതിനെ തുടർന്ന് പിന്നീട് നിബന്ധന പിൻവലിച്ചുവെന്നാണ് കേട്ടത്. അയൽ സംസ്ഥാനത്തെ സർവകലാശാലകളിൽ പലതും അക്കാദമിക് മികവിന്റെ പേരിൽ പേര് കേട്ടവയാണ് പണ്ടേ. മദ്രാസ് യൂനിവേഴ്‌സിറ്റി, അണ്ണാ സർവകലാശാല, അണ്ണാമല യൂനിവേഴ്‌സിറ്റി, മധുര കാമരാജ് യൂനിവേഴ്‌സിറ്റി തുടങ്ങി എത്രയെത്ര മഹത്തായ വിദ്യാകേന്ദ്രങ്ങൾ. കേരളത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ കണക്ക് ടെക്സ്റ്റ് ബുക്കുകളിൽ അധ്യായങ്ങൾക്ക് ശേഷം സാധ്യത ചോദ്യങ്ങളായി ഉദാഹരിക്കാറുള്ളത് അണ്ണാമല യൂനിവേഴ്‌സിറ്റി മുൻവർഷങ്ങളിൽ പരീക്ഷക്ക് ചോദിച്ചവയാണ്. മദിരാശിയിൽ ചെന്ന് പഠിച്ച കേരളത്തിലെ പഴയ തലമുറ ഒഴുക്കോടെ ഇംഗഌഷ് പറയുകയും എഴുതുകയും ചെയ്തതെല്ലാം അവിടത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എടുത്തു കാട്ടുന്നു. ഇപ്പോഴത്തെ വടക്കൻ കേരളം (പാലക്കാട് മുതൽ കാസർകോട് വരെ ജില്ലകൾ) പണ്ട് മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ല എന്നാണറിയപ്പെട്ടിരുന്നത്. മലബാറിലെ വിദ്യാഭ്യാസ നിലവാരം താണു തുടങ്ങിയത് കേരളപ്പിറവിക്ക് ശേഷമാണെന്ന് വിലപിക്കുന്ന ധാരാളം പേരെ കോഴിക്കോട്ടും തലശ്ശേരിയിലും പാലക്കാട്ടും കണ്ടിട്ടുണ്ട്. മദിരാശിയുമായി ബന്ധം വിട്ടതോടെ കേരളത്തിലെ സർവകലാശാലകളുടെ ഭാഗമാവുകയായിരുന്നു മലബാറിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും. 
കേരള സർവകലാശാലക്ക് ശേഷം പല സർവകലാശാലകളുമുണ്ടായി. കാലിക്കറ്റ് സർവകലാശാലയുടെ പരിധി വളരെ വിസ്തൃതമയാിരുന്നു. കാസർകോട് മുതൽ തൃശൂരിലെ ഇരിങ്ങാലക്കുട വരെ. അത് വിഭജിച്ച് കണ്ണൂർ വന്നു. കേരള സർവകലാശാലയുടെ മധ്യ തിരുവിതാംകൂറിലെ ഭാഗങ്ങളുൾപ്പെടുത്തി കോട്ടയത്ത് മഹാത്മാഗാന്ധി സർവകലാശാല രൂപീകരിച്ചു. കാലടി സംസ്‌കൃത സർവകലാശാല,  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിങ്ങനെ പലതും യാഥാർഥ്യമായി. ഇപ്പോൾ കേരളത്തിൽ സർവകലാശാലകൾ പലതുണ്ട്. രണ്ടോ മൂന്നോ ജില്ലകളിൽ മാത്രം അധികാരമുള്ളവ പോലും കൂട്ടത്തിലുണ്ട്. പിടിപ്പുകേടിന്റെ കാര്യത്തിൽ ഇവയെല്ലാം പരസ്പരം മത്സരിക്കുന്നുവെന്ന് മാത്രം. ഇവർക്കെല്ലാം മാതൃകയാക്കാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം കേരളത്തിലുണ്ട്. എല്ലാ വർഷവും അഞ്ച് ലക്ഷവും അതിലധികവും കുട്ടികളെ പരീക്ഷക്കിരുത്തുന്ന എസ്.എസ്.എൽ.സി പരീക്ഷ ബോർഡ്. ഓരോ വർഷവും മാർച്ചിനകം കേരളത്തിലെ എസ്.എസ്.എൽ.സി പരീക്ഷ മുടക്കമില്ലാതെ നടത്തും. മറ്റു തടസ്സമൊന്നുമില്ലെങ്കിൽ മെയ് മൂന്നാം വാരത്തിലോ നാലാം വാരത്തിലോ ഫലപ്രഖ്യാപനം നടത്തുകയും ചെയ്യും. പറയത്തക്ക ആക്ഷേപമൊന്നുമില്ലാതെയാണ് ഇതു ചെയ്യുന്നത്. 
കേരളത്തിൽ സർവകലാശാലകളുടെ എണ്ണം കൂടിയതല്ലാതെ ഗുണ നിലവാരത്തിൽ ഒട്ടും മുന്നോട്ടു പോയില്ല. മുമ്പൊക്കെ സംസ്ഥാനത്ത് ഒരു വിദ്യാഭ്യാസ മന്ത്രി മാത്രമാണുണ്ടായിരുന്നത്. ഇടതു സർക്കാർ അത് രണ്ടാക്കി. കെ.ടി ജലീലായിരുന്നു ആദ്യ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഇപ്പോൾ പ്രൊഫ. ബിന്ദുവും. രണ്ടായി വിഭജിച്ച ശേഷമാണ് ഉന്നത വിദ്യാഭ്യാസ രംഗം ഇത്രയും മോശമായതെന്ന് അഭിപ്രായമുള്ളവരുണ്ട്. അടുത്ത കാലത്തായി പല തരം തട്ടിപ്പുകൾ കൂടിയതോടെ സർവകലശാലകൾക്ക് പേര് ദോഷം വേണ്ടതിലുമേറെയായി.  
ഇന്ത്യയിൽ തന്നെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഹൈസ്‌കൂൾ, പ്ലസ് ടു തലം വരെ വിദ്യാസമ്പന്നരുടെ സ്വന്തം നാടായ കേരളം മുന്നിൽ തന്നെ. ആവശ്യത്തിന് സ്‌കൂളുകളില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയും ഇവിടെ പഠിക്കാനാവാത്ത അവസ്ഥ നേരിടുന്നില്ല. എന്നാൽ ഹയർ സെക്കണ്ടറി കഴിഞ്ഞാലുള്ള കാര്യം പരിതാപകരമാണ്.  ദൽഹിയിലെ തലയെടുപ്പുള്ള സർവകലാശാലകളായ ജെ.എൻ.യുവിലും ജാമിഅ മില്ലിയയിലും ഏറെ അകലെയല്ലാത്ത അലീഗഢിലും കേരളത്തിൽ നിന്നുള്ള ധാരാളം കുട്ടികൾ ഉപരിപഠനത്തിനെത്തുന്നു. ഇത്രയേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിൽ നിന്ന് വിദ്യാർഥികൾ  ദൽഹി തെരഞ്ഞെടുക്കാൻ പല ഘടകങ്ങളുമുണ്ട്. സർവകലാശാലകളുടെ സൽപേര് അതിൽ പ്രധാനമാണ്. 
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് ലഭിച്ച കേന്ദ്ര അക്രഡിറ്റേഷൻ ഒപ്പിച്ചെടുത്തതാണെന്നും സർവകലാശാലകൾക്ക് മികച്ച നിലവാരമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാക് അക്രഡിറ്റേഷൻ ഉണ്ടെന്നതിനാൽ മാത്രം മികവിന്റെ കേന്ദ്രമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും  ചാൻസലറായ ഗവർണർ പറഞ്ഞതിലും മോശമാണ് കാര്യങ്ങൾ.പരീക്ഷകളൊന്നും സമയത്ത് നടത്താനാവുന്നില്ല. സിലബസ് പൂർത്തിയാക്കാനാവാത്ത പ്രശ്‌നം വേറെയും. ഡിഗ്രി, പി.ജി കോഴ്‌സുകൾ ഒരു സർവകലാശാലയിലും സമയത്ത് തീരുന്നില്ല. അതുകൊണ്ടു തന്നെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകാനാവുന്നില്ല. സർവകലാശാലകളുടെ പഴഞ്ചൻ സിലബസും നിലവാരത്തകർച്ചയും പരീക്ഷകളുടെ അനിശ്ചിതാവസ്ഥകളും ചേർന്ന സാഹചര്യത്തിൽ വിദ്യാർഥികൾ ഉപരിപഠനത്തിന് അന്യസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. അതിനിടയ്ക്കാണ് ക്രമക്കേടുകളുടെ കഥകൾ ഒന്നൊന്നായി പുറത്തു വരുന്നത്. ഞെട്ടിക്കുന്ന ജീർണതയുടെ കഥകളാണ് കേരളത്തിലെ കലാലയങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നും നിത്യേന കേൾക്കുന്നത്. 
കഴിഞ്ഞ ദിവസം ഒരു പ്രമുഖ ടിവി ചാനലിലെ അവതാരക ചർച്ചയ്ക്കിടെ വിപ്ലവ വിദ്യാർഥി സംഘടന നേതാവിനോട് ചോദിച്ചത്  ഒരു ഗ്യാപ്പ് തന്നുകൂടെ നിങ്ങളുടെ സംഘടനക്ക് എന്നായിരുന്നു. അതിനടുത്ത ദിവസമാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ കൃത്രിമം കാട്ടിയതിന് വിപ്ലവകാരിയായ കൊല്ലത്തെ യുവ നേതാവ് പെടുന്നത്. മറ്റൊരു ചാനൽ സംവാദത്തിൽ കേസിൽ പെട്ട എസ്.എഫ്.ഐ സംസ്ഥാന നേതാവിനെ മുൻ യുവജന കമ്മീഷൻ അധ്യക്ഷ താരതമ്യം ചെയ്തത് മഹാത്മാഗാന്ധിയോടാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാത്മാഗാന്ധിയും കേസിൽ പെട്ടിട്ടില്ലായിരുന്നുവോ എന്നാണ് ചിന്ത തിരിച്ചു ചോദിച്ചത്. 
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ മുൻ വിദ്യാർഥി സംഘടനാ നേതാവായ  യുവതി  കേരളത്തിലെ കലാലയങ്ങളിൽ ജോലി ചെയ്ത് ശമ്പളം വാങ്ങി ഇപ്പോൾ കോടതികളിൽ കയറിയിറങ്ങുന്നു. വടകരയ്ക്കടുത്ത് രണ്ടാഴ്ച ഒളിവിൽ കഴിഞ്ഞ ഈ കോളേജ് അധ്യാപികയുടെ കണ്ണിൽ പെടാതെ നടക്കുകയായിരുന്നു പാവം പോലീസ്. 
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എം.കോം പ്രവേശനം നേടിയ മുൻ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാല ആജീവനാന്ത വിലക്കേർപ്പെടുത്തി.  കായംകുളം എംഎസ്എം കോളേജിലാണ് വ്യാജ ഡിഗ്രിയുമായി നിഖിൽ എംകോമിന് ചേർന്നത്. കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി കായംകുളം എം എസ് എം കോളേജിൽ എം കോം പ്രവേശനം നേടിയത്. സർവകലാശാല സിൻഡിക്കേറ്റാണ് നിഖിലിനെ ഡീബാർ ചെയ്യാൻ തീരുമാനിച്ചത്. ഇത് നല്ല തീരുമാനം. വരാനുള്ള ചീത്തപ്പേര് വന്നു കഴിഞ്ഞുവെന്നത് വേറെ കാര്യം. കഴിഞ്ഞ മൂന്ന് വർഷമായി കേരള സർവകലാശാലയിൽ ഹാജരാക്കിയിട്ടുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളെല്ലാം പരിശോധനക്ക് വിധേയാക്കമാക്കാനും കേരള സർവകലാശാല തിരുമാനിച്ചിട്ടുണ്ട്. നിരവധി പേർ വ്യാജ സർട്ടിഫിക്കറ്റുകളുമായി പ്രവേശനം നേടിയിട്ടുണ്ടെന്ന സൂചനയെ തുടർന്നാണ് ഈ നടപടി.
കാലിക്കറ്റ് സർവകലാശാലയുടെ പേരിലും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമിച്ചതായി രേഖകളുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. സർവകലാശാലയുടെ അന്തസ്സിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും നിരവധി തവണ നിർദേശിച്ചിട്ടും അധികൃതർ പോലീസിനെ പോലും ഇക്കാര്യം അറിയിച്ചിട്ടില്ല. 2021 ൽ അഞ്ചിൽ കൂടുതൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമിച്ചതായി കണ്ടെത്തിയിട്ടും ഒന്നിൽ പോലും നടപടി സ്വീകരിച്ചിട്ടില്ല. ഒരു രജിസ്റ്റർ നമ്പർ ഉപയോഗിച്ച് അഞ്ച് ബിരുദ സർട്ടിഫിക്കറ്റുകൾ വരെ നിർമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജോലിക്കോ തുടർപഠനത്തിനോ ആയി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ അംഗീകൃത ഏജൻസികൾ വഴി സർവകലാശാലയുടെ സൂക്ഷ്മ പരിശോധനയ്‌ക്കെത്താറുണ്ട്. ഈ പരിശോധനയിലാണു വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതായി കണ്ടെത്തിയത്. 2021 ഏപ്രിലിൽ ഒരു രജിസ്റ്റർ നമ്പർ ഉപയോഗിച്ചു നിർമിച്ച അഞ്ച് വ്യാജ സർട്ടിഫിക്കറ്റുകളാണ് സർവകലാശാലയുടെ പരിശോധനയിൽ കണ്ടെത്തിയത്. കർശന നടപടി വേണമെന്ന ശുപാർശയോടെ ജോയന്റ് രജിസ്ട്രാർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടും യാതൊരു  നടപടിയും ഉണ്ടായില്ല. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നഷ്ടപ്പെട്ടത് പേരെഴുതാത്ത ഡിഗ്രി, പിജി സർട്ടിഫിക്കറ്റുകളാണ്. സർവകാശാലകളിലെ തിരിമറികൾ പുതിയ കാര്യമല്ല. വിവിധ യൂനിവേഴ്‌സിറ്റികളിലെ അസിസ്റ്റന്റ് ഗ്രേഡ് നിയമനം മുതൽ സ്വീപ്പർ പോസ്റ്റിംഗ് വരെ പാർട്ടിക്കാർ വീതം വെച്ചെടുക്കലാണ് പതിവ്. ഇത് അതു പോലെയല്ല. കേരളത്തിലെ സർവകലാശാലകളിൽ എല്ലാം തട്ടിപ്പാണെന്ന അഭിപ്രായം രൂപപ്പെടുന്നത് നമ്മുടെ തലമുറകളുടെ ഭാവിയെ ഗുരുതരമായി ബാധിക്കും. 

Latest News