ജിദ്ദ - ഹജ് തീർഥാടകർ അടക്കമുള്ള യാത്രക്കാർക്ക് വിമാനങ്ങളിൽ കയറ്റാൻ വിലക്കുള്ള വസ്തുക്കൾ ജിദ്ദ എയർപോർട്ട് വ്യക്തമാക്കി. ഹജ് കർമം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന തീർഥാടകരെ ബോധവൽക്കരിക്കാൻ ശ്രമിച്ചാണ് വിമാനങ്ങളിൽ വിലക്കുള്ള വസ്തുക്കൾ ജിദ്ദ എയർപോർട്ട് വ്യക്തമാക്കിയത്. ഓർഗാനിക് ഓക്‌സിഡന്റുകളും പെറോക്‌സൈഡുകളും, റേഡിയോ ആക്ടീവ് വസ്തുക്കൾ, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങൾ, മറ്റു ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കുന്ന ഉപകരണങ്ങൾ, ഓട്ടോമാറ്റിക് സ്‌കേറ്റ്‌ബോർഡ്, ദ്രവീകൃത ഓക്‌സിജൻ ഉപകരണങ്ങൾ, വിഷ പദാർഥങ്ങൾ, സാംക്രമിക ജൈവ വസ്തുക്കൾ, തീപ്പെട്ടികൾ, സിഗരറ്റ് ലൈറ്ററുകൾ, കത്തുന്ന ദ്രാവകങ്ങൾ, കംപ്രസ് ചെയ്ത വാതകങ്ങൾ, സ്‌ഫോടകവസ്തുക്കൾ, പടക്കങ്ങൾ, ബോക്‌സുകളുടെ രൂപത്തിലുള്ള ബിസിനസ് ബ്രീഫ്‌കേസുകൾ, തോക്കുകൾ, കളിത്തോക്കുകൾ, കാന്തിക വസ്തുക്കൾ, മറ്റു വസ്തുക്കളെ നശിപ്പിക്കുന്ന പദാർഥങ്ങൾ എന്നിവ എല്ലാതരം ബാഗേജുകളുടെയും ഭാഗമായി വിമാനങ്ങളിൽ കയറ്റുന്നതിന് വിലക്കുണ്ട്.
യുദ്ധക്കത്തികൾ, കംപ്രസ് ചെയ്ത വാതകങ്ങൾ, വിഷ ദ്രാവകങ്ങൾ, ബ്ലേഡുകൾ, ബേസ്‌ബോൾ ബാറ്റ്, സ്‌കേറ്റ്‌ബോർഡുകൾ, പടക്കങ്ങൾ, സ്‌ഫോടക വസ്തുക്കൾ, തോക്കുകൾ, കളിത്തോക്കുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, മറ്റു വസ്തുക്കളെ നശിപ്പിക്കുന്ന പദാർഥങ്ങൾ, ടൂൾസുകൾ, നൈൽ കട്ടറുകൾ, കത്രികകൾ, കത്തികൾ, ഇറച്ചിവെട്ട് കത്തികൾ (വെട്ടുകത്തികൾ), വെടിയുണ്ടകൾ എന്നിവ യാത്രക്കാരുടെ ക്യാബിനിൽ കയറ്റുന്നതിനും വിലക്കുണ്ട്. യാത്രക്കാരുടെ പക്കലുള്ളതും ബാഗേജുകളിലുള്ളതുമായ ഇത്തരം നിരോധിത വസ്തുക്കൾ തൽക്ഷണം പിടിച്ചെടുക്കും. ഇവ തിരികെ ലഭിക്കാൻ ആവശ്യപ്പെടുന്നതിന് യാത്രക്കാർക്ക് അവകാശമുണ്ടായിരിക്കില്ലെന്നും ജിദ്ദ എയർപോർട്ട് വ്യക്തമാക്കി.