Sorry, you need to enable JavaScript to visit this website.

അൽദുറ എണ്ണപ്പാടത്തിന്റെ ഉടമസ്ഥത സൗദിക്കും കുവൈത്തിനും മാത്രം

ജിദ്ദ - സൗദി, കുവൈത്ത് സംയുക്ത അതിർത്തിയിൽ പ്രകൃതി വാതക സമ്പന്നമായ അൽദുറ പാടം അടക്കമുള്ള പ്രദേശത്തെ പ്രകൃതി വിഭവങ്ങളുടെ പൂർണ ഉടമസ്ഥാവകാശം സൗദി അറേബ്യക്കും കുവൈത്തിനും മാത്രമാണെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഈ പ്രദേശത്തെ പ്രകൃതി വിഭവങ്ങൾ പ്രയോജനപ്പെടുത്താനുള്ള പൂർണ അവകാശം സൗദി അറേബ്യക്കും കുവൈത്തിനും മാത്രമാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സൗദി, കുവൈത്ത് സംയുക്ത അതിർത്തിയുടെ കിഴക്കു ഭാഗത്തെ അതിർത്തി നിർണയിക്കാനുള്ള ചർച്ചകൾ ആരംഭിക്കാൻ ഇറാനെ വീണ്ടും ക്ഷണിക്കുകയാണെന്നും സൗദി വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 
അൽദുറ എണ്ണപ്പാടം അടക്കം സൗദി, കുവൈത്ത് സംയുക്ത അതിർത്തിയിലെ പ്രകൃതി വിഭവങ്ങളുടെ പൂർണ ഉടമസ്ഥാവകാശം സൗദി അറേബ്യക്കും കുവൈത്തിനും മാത്രമാണെന്ന് കഴിഞ്ഞ ദിവസം കുവൈത്തും വ്യക്തമാക്കിയിരുന്നു. അൽദുറ എണ്ണപ്പാടത്തിൽ തങ്ങൾക്കും ഉടമസ്ഥാവകാശമുള്ളതായി വാദിച്ച് ഇറാൻ വീണ്ടും രംഗത്തെത്തിയതോടെയാണ് പ്രദേശത്തിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കു മാത്രമാണെന്ന് സൗദി അറേബ്യയും കുവൈത്തും വ്യക്തമാക്കിയത്. 
അൽദുറ പാടത്തിനു സമീപം ഡ്രില്ലിംഗ് നടത്താനുള്ള ഇറാന്റെ നീക്കം അംഗീകരിക്കില്ലെന്നും സമുദ്രാതിർത്തി നിർണയം പൂർത്തിയാകുന്നതു വരെ അൽദുറ പാടത്തിൽ മറ്റൊരു രാജ്യത്തിനും ഒരുവിധ അവകാശവുമില്ലെന്നും കുവൈത്ത് ഉപപ്രധാനമന്ത്രിയും പെട്രോളിയം മന്ത്രിയുമായ സഅദ് അൽബറാക് പറഞ്ഞു. അൽദുറ പാടത്തെ കുറിച്ച ഇറാന്റെ വാദങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങളുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സഅദ് അൽബറാക് പറഞ്ഞു.
അൽദുറ പാടം സ്ഥിതി ചെയ്യുന്ന പ്രദേശം കുവൈത്തിന്റെ സമുദ്രാതിർത്തിയിൽ പെട്ട സ്ഥലമാണെന്ന് കുവൈത്ത് വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇവിടെയുള്ള പ്രകൃതി വിഭവങ്ങൾ സൗദി അറേബ്യയും കുവൈത്തും പങ്കിടുന്നു. അൽദുറ പാടത്തെ പ്രകൃതി വിഭവങ്ങളുടെ പൂർണ അവകാശം സൗദി അറേബ്യക്കും കുവൈത്തിനും മാത്രമാണ്. പ്രദേശത്ത് സൗദി അറേബ്യയും കുവൈത്തുമായുള്ള ജലാതിർത്തി നിർണയിക്കാനുള്ള ചർച്ചകൾ ആരംഭിക്കാൻ കുവൈത്ത് വിദേശ മന്ത്രാലയം ഇറാനെ വീണ്ടും ക്ഷണിച്ചു. 
അൽദുറയിൽ ഡ്രില്ലിംഗ് നടത്താൻ പൂർണ ഒരുക്കങ്ങളുള്ളതായി ഇറാൻ നാഷണൽ ഓയിൽ കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹ്‌സിൻ ഖൊജസ്ത മഹർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സാഹചര്യങ്ങൾ തയാറാകുമ്പോൾ ഞങ്ങൾ ഡ്രില്ലിംഗ് ആരംഭിക്കുമെന്ന് മുഹ്‌സിൻ ഖൊജസ്ത മഹർ പറഞ്ഞു. അൽദുറ പാടം വികസിപ്പിക്കാനുള്ള കരാറിൽ 2022 മാർച്ച് 21 ന് സൗദി അറേബ്യയും കുവൈത്തും ഒപ്പുവെച്ചിരുന്നു. പ്രതിദിനം 100 കോടി ഘനയടി ഗ്യാസും 84,000 ബാരൽ കണ്ടൻസേറ്റുകളും അൽദുറ പാടത്ത് ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
 

Latest News