കൊച്ചി - ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയ്ക്ക് എതിരെയുള്ള വ്യാജ ലഹരി കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ നിന്നൊഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. മയക്കു മരുന്ന് കേസില്‍ 72 ദിവസമാണ ഷീലാ സണ്ണി റിമാന്‍ഡില്‍ കഴിഞ്ഞത്. കേസില്‍ എക്‌സൈസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ബാഗില്‍ നിന്നും വാഹനത്തില്‍ നിന്നും കണ്ടെത്തിയത് ലഹരി മരുന്നല്ലെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് തനിക്കുനേരെയുണ്ടായത് കള്ളക്കേസാണെന്ന ആരോപണവുമായി ഷീലാ സണ്ണി രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് ഇവരെ കുടുക്കിയതെന്ന് സംശയിക്കുന്ന യുവതിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഈ യുവതിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക അച്ചടക്ക നടപടികള്‍ സ്വീകിച്ചിട്ടുണ്ട്. സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷീലാ സണ്ണി കോടതിയെ സമീപിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാനാണ് ഷീല സണ്ണിയുടെ തീരുമാനം. താന്‍ നേരിട്ടത് കടുത്ത അപമാനമാണെന്നും തനിക്ക് പറയാനുള്ളത് എന്തെന്ന് പോലും കേള്‍ക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഷീലാ സണ്ണി കുറ്റപ്പെടുത്തുന്നു.