അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീന് 34 കോടിയിലേറെ രൂപ (15 ദശലക്ഷം ദിര്‍ഹം) സമ്മാനം. മകളുടെ ഭര്‍ത്താവ് നിഹാല്‍ പറമ്പത്ത് എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. സീരീസ് 253ലെ 061908 എന്ന നമ്പരാണ് സമ്മാനാര്‍ഹമായത്. ഉമ്മുല്‍ഖുവൈനിലെ ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ അക്കൗണ്ടന്റായ മുഹമ്മദലി വേനലവധി ആഘോഷിക്കാന്‍ നാട്ടിലാണ്.
കഴിഞ്ഞ 30 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദലി വര്‍ഷങ്ങളായി വിവിധ നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നു. അബുദാബിയിലെയും അല്‍ െഎനിലേയും വിമാനത്താവളങ്ങളിലെ ഇന്‍ സ്റ്റോര്‍ കൗണ്ടറുകളില്‍നിന്ന് നേരിട്ടായിരുന്നു ടിക്കറ്റെടുത്തിരുന്നത്. നിഹാലാണ് ഓണ്‍ലൈനിലൂടെ വാങ്ങുന്നതിന് തുടക്കമിട്ടത്. അതില്‍പ്പിന്നെ നിഹാല്‍ തന്നെയായിരുന്നു ഭാര്യാ പിതാവിന് വേണ്ടി ടിക്കറ്റെടുക്കുക. ആദ്യമൊക്കെ ഒറ്റയ്ക്കും ഒന്നോ രണ്ടോ കൂട്ടുകാരുമായി ചേര്‍ന്നുമായിരുന്നു മുഹമ്മദലി ടിക്കറ്റെടുത്തിരുന്നത്. പിന്നീട് സംഘം ചേര്‍ന്ന് എടുക്കാന്‍ തുടങ്ങി. ഇപ്രാവശ്യം ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 10 അംഗ സംഘത്തോടൊപ്പമാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവരുമായി പങ്കിടും.