Sorry, you need to enable JavaScript to visit this website.

അങ്ങിനെയങ്ങ് കടമെടുക്കേണ്ട, സര്‍ക്കാര്‍  ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന് നിയന്ത്രണം

തിരുവനന്തപുരം- ജീവനക്കാര്‍ക്ക് ശമ്പളസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ജീവനക്കാര്‍ അവര്‍ക്ക് വീട്ടാവുന്നതിനെക്കാള്‍ കൂടുതലായി കടക്കാരായി മാറുന്ന സാഹചര്യമാണെങ്കില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് ശമ്പള വിതരണ ഓഫീസര്‍മാര്‍ക്ക് ധനവകുപ്പിന്റെ നിര്‍ദേശം. ജീവനക്കാരുടെ പ്രതിമാസ വായ്പ അല്ലെങ്കില്‍ ചിട്ടിയുടെ മാസത്തവണ ആ വ്യക്തിയുടെ കൈയില്‍ കിട്ടുന്ന ശമ്പളത്തെക്കാള്‍ (നെറ്റ് സാലറി) കൂടുതലാണെങ്കില്‍ തുടര്‍ന്നും വായ്പയ്ക്കോ ചിട്ടിപിടിക്കുന്നതിനോ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. ശമ്പളത്തില്‍നിന്ന് റിക്കവറി ഉള്ളവര്‍ക്കും റിക്കവറി തത്കാലം നിര്‍ത്തിവെക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നേടിയവര്‍ക്കും വീണ്ടും സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. മുന്‍കാല ശമ്പള സര്‍ട്ടിഫിക്കറ്റുകളില്‍ തിരിച്ചടവ് നെറ്റ് സാലറിയെക്കാള്‍ കൂടിയാല്‍ വീണ്ടും അയാള്‍ക്ക് സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ല.
വായ്പയുടെയോ ചിട്ടിയുടെയോ തിരിച്ചടവ് കാലാവധി സര്‍വീസ് കാലത്തെക്കാള്‍ കൂടിയാലും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. കരാര്‍ ജീവനക്കാര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. എന്നാല്‍ ശമ്പളത്തിന്റെ ജാമ്യത്തിന്മേല്‍ അല്ലാത്ത വായ്പ എടുക്കാന്‍ തൊഴില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. പാപ്പരായാല്‍ പിരിച്ചുവിടണം. കടം തിരിച്ചടയ്ക്കാനാവാതെ പാപ്പരാവുകയും തുടര്‍ന്ന് ശമ്പളം പിടിച്ചുവെക്കപ്പെടുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. സ്ഥിരമായി കടക്കാരാവുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

Latest News