ഞായറാഴ്ച ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിന് കൊടിയിറങ്ങും. ചാമ്പ്യന്‍ ടീമിന് കിരീടം സമ്മാനിക്കും. മികച്ച കളിക്കാരെയും ടോപ്‌സ്‌കോററെയും പ്രഖ്യാപിക്കും. ഈ കളിക്കാരാണ് കഴിഞ്ഞ ഒരു മാസത്തോളം വേദിയില്‍ നിറഞ്ഞാടിയത്. എന്നാല്‍ തിരശ്ശീലക്കു പിന്നില്‍ കുറേ ജന്മങ്ങളുണ്ട്. ഈ കളിക്കാര്‍ക്കു വേണ്ടി എല്ലാം ത്യജിച്ചവര്‍. ഫിഫ അവര്‍ക്കും പ്രഖ്യാപിക്കണം ഒരു അവാര്‍ഡ്.
ഉദാഹരണത്തിന് റഹീം സ്റ്റെര്‍ലിംഗിന്റെ മാതാവ്. ഇംഗ്ലണ്ടിന്റെ മുന്‍നിരയില്‍ സ്റ്റെര്‍ലിംഗ് വളഞ്ഞുപുളഞ്ഞു പായുന്നത് എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാല്‍ നദീന്‍ സ്‌റ്റെര്‍ലിംഗിന്റെ ത്യാഗം അധികമാരും അറിഞ്ഞിട്ടില്ല. റഹീമിന് രണ്ട് വയസ്സുള്ളപ്പോള്‍ കരീബിയയിലെ ജമൈക്കയില്‍ പിതാവ് കൊല്ലപ്പെട്ടിരുന്നു. ഹോട്ടലില്‍ ക്ലീനിംഗ് ജോലി ചെയ്താണ് നദീന്‍ മകനെ വളര്‍ത്തിയത്. മകന് അഞ്ചു വയസ്സുള്ളപ്പോള്‍ അവര്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറി. എട്ടു മണിക്കുര്‍ യാത്ര ചെയ്ത്, മൂന്ന് ബസ് മാറിക്കയറിയാണ് റഹീം പരിശീലനത്തിന് പോയിരുന്നത്. അമ്മ അപ്പോള്‍ ജോലിയിലായിരിക്കും. ചേച്ചിയാണ് കുഞ്ഞു റഹീമിനൊപ്പം പോയിരുന്നത്. 'അമ്മയും ചേച്ചിയുമില്ലെങ്കില്‍ നിങ്ങള്‍ എന്നെ അറിയുക പോലുമില്ല' - റഹീം ഒരിക്കല്‍ പറഞ്ഞു.
അലന്‍ ഗ്രീസ്മാന്റെയും ഇസബല്‍ ഗ്രീസ്മാന്റെയും വേദന ആരും കണ്ടിട്ടില്ല. ഫ്രഞ്ച് മുന്‍നിരയില്‍ ആന്റോയ്ന്‍ ഗ്രീസ്മാന്‍ മിന്നിപ്പായുന്നത് മാത്രമേ നമുക്ക് അറിയൂ. ഗ്രീസ്മാന്റെ ഫുട്‌ബോള്‍ മികവ് കണ്ട് അലന്‍ മകനെയും കൂട്ടി കയറിയിറങ്ങാത്ത ഫ്രഞ്ച് ക്ലബ് അക്കാദമികളില്ല. ഉയരമില്ലാത്ത പയ്യനെ വേണ്ടെന്ന അവരുടെ കടുംപിടുത്തം അലന്റെ ഹൃദയം തകര്‍ത്തു. ഒടുവില്‍ സ്‌പെയിനില്‍ റയല്‍ സൊസൈദാദാണ് ഗ്രീസ്മാനെ പരിശീലിപ്പിക്കാന്‍ തയാറായത്. പതിനാലാം വയസ്സില്‍ ആന്റോയ്‌നെയും കൂട്ടി അലന്‍ വീടു വിട്ടു. മാതാവും മകനും തമ്മില്‍ കാണുന്നത് നീണ്ട മാസങ്ങള്‍ക്കിടയില്‍ അപൂര്‍വം എപ്പോഴെങ്കിലുമായി. 'അവന്റെ അമ്മ ഹൃദയം പൊട്ടിക്കരയുകയായിരുന്നു. സഹോദരന്‍ തിയോയും. എന്റെ വേദന മുഴുവന്‍ ഞാന്‍ അടക്കിപ്പിടിച്ചു' - പിതാവ് പറഞ്ഞു. അന്ന് ഫ്രഞ്ച് അക്കാദമികള്‍ നിര്‍ദയം തട്ടിത്തെറിപ്പിച്ച പയ്യനെയാണ് ഇന്ന് ഫ്രാന്‍സ് ആഘോഷിക്കുന്നത്.
അമ്മ നതാലിയുടെയും പിതാവ് ഫ്രെഡറിക്കിന്റെയും പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ബെഞ്ചമിന്‍ പവാഡ് എന്ന കളിക്കാരന്‍ ജനിക്കില്ലായിരുന്നു. 'എനിക്കു വേണ്ടി അവര്‍ സഞ്ചരിച്ച കിലോമീറ്ററുടെ കണക്കുകള്‍ ആരും രേഖപ്പെടുത്തി വെച്ചിട്ടില്ല. എന്തു തന്നെ ചെയ്താലും അവരുടെ ത്യാഗത്തിന് പ്രതിഫലം നല്‍കാന്‍ എനിക്കാവില്ല' -അര്‍ജന്റീനക്കെതിരെ വണ്ടര്‍ ഗോള്‍ നേടിയ ശേഷം ബെഞ്ചമിന്‍ പറഞ്ഞു.
കരീന്‍-തിയറി ഹസാഡുമാര്‍ക്ക് നാലു മക്കളാണ്. എഡന്‍ ഹസാഡും തോര്‍ഗയ്ന്‍ ഹസാഡും ബെല്‍ജിയം ടീമിലുണ്ട്. മറ്റു രണ്ടു പേരും കളിക്കുന്നു. കുട്ടിക്കാലം മുതല്‍ എഡന്‍ ഫ്രാന്‍സിലാണ് വളര്‍ന്നത്. ഫുട്‌ബോളിനു വേണ്ടി മാത്രം. മക്കള്‍ക്കു വേണ്ടി മാതാപിതാക്കള്‍ സഞ്ചരിച്ച ദൂരത്തിന് കണക്കില്ല. കെട്ടുകണക്കിന് തുണികളാണ് അവര്‍ അലക്കി വെളുപ്പിച്ചത്. ആ മിന്നുന്ന ജഴ്‌സികളില്‍ മക്കള്‍ തിളങ്ങി. കരീന്‍ ഹസാഡ് ബെല്‍ജിയം വനിതാ ഫസ്റ്റ് ഡിവിഷനില്‍ കളിക്കാരിയായിരുന്നു. മക്കള്‍ക്കു വേണ്ടി അവര്‍ കളി ഉപേക്ഷിച്ചു.
ബെല്‍ജിയത്തിന്റെ പേടിപ്പെടുത്തുന്ന സ്‌ട്രൈക്കര്‍ റൊമേലു ലുകാകു പറഞ്ഞു: 'മനഃശക്തിയെക്കുറിച്ച് പലരും പറയുന്നു. എന്നെ മനഃശക്തിയില്‍ ആര്‍ക്കാണ് തോല്‍പിക്കാനാവുക. വെളിച്ചമില്ലാത്ത മുറിയില്‍ അമ്മക്കും സഹോദരനുമൊപ്പമിരുന്ന് മണിക്കൂറുകള്‍ പ്രാര്‍ഥിച്ചവനാണ് ഞാന്‍. പലപ്പോഴും സ്‌കൂളില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ അമ്മ ഇരുന്ന് കരയുന്നുണ്ടാവും. ഈ ദുരിതം മാറും, ഞാന്‍ കളിക്കാരനാവും എന്ന് പലതവണ അവരെ ആശ്വസിപ്പിച്ചിട്ടുണ്ട്.'