കണ്ണൂര്‍- കണ്ണൂരിലെ ജ്വല്ലറിയില്‍നിന്ന് ഏഴര കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ വനിതാ ചീഫ് അക്കൗണ്ടന്റിനെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചു. കണ്ണൂരിലെ കൃഷ്ണ ജൂവല്‍സിലെ അക്കൗണ്ടന്റ് ചിറക്കല്‍ കടലായി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ. സിന്ധുവാണ് (45) 7.55 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയത്. ഈ സംഭവത്തില്‍ മറ്റു ചിലര്‍ക്ക് കൂടി പങ്കുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
കൃഷ്ണ ജൂവല്‍സ് എം.ഡിയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. 2004 മുതല്‍ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയാണ് സിന്ധു. പല കാലയളവിലായാണ് 7,55,30,644 രൂപ തട്ടിയെടുത്തത്. എം.ഡിയുടെ പൂര്‍ണ്ണ വിശ്വാസം ആര്‍ജിച്ച ശേഷമായിരുന്നു തട്ടിപ്പ് തുടങ്ങിയത്. കോടികളുടെ വ്യാപാരം നടക്കുന്ന ജ്വല്ലറിയിലെ വരവ് മാത്രമേ സ്ഥാപന അധികൃതര്‍ ഗൗരവത്തില്‍ പരിശോധിക്കാറുള്ളൂ. ചിലവ് കാര്യമായി പരിശോധന നടത്താറില്ല. ഇതാണ് തട്ടിപ്പിന് സഹായകമായത്.
സ്ഥാപനത്തിന്റെ പല കാര്യങ്ങള്‍ക്കെന്ന പേരില്‍ അക്കൗണ്ടില്‍ നിന്ന് പണം തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. എന്നാല്‍ സ്ഥാപനത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്തവര്‍ ഈ തട്ടിപ്പ് കണ്ടെത്തിയില്ല.
മംഗളൂരുവില്‍ ഡോക്ടറെ കാണാനെന്ന് മറ്റു ജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിച്ച് മുങ്ങുകയായിരുന്നു. ജോലിക്കെത്താതായതോടെയാണ് സ്ഥാപന ഉടമകള്‍ ഇവരെക്കുറിച്ച് അന്വേഷിച്ചത്. അപ്രത്യക്ഷമായതിന് ശേഷം ഇവരുടെ
ഫോണ്‍ സ്വിച്ച് ഓഫാണ്. ആഢംബര ജീവിതം നയിച്ചിരുന്ന സിന്ധുവിന് അത്യന്താധുനിക സജ്ജീകരണമുള്ള രണ്ട് വീടുകള്‍, നാല് വാഹനം, സ്ഥലങ്ങള്‍ തുടങ്ങിയവയുണ്ട് എന്നാണ് വിവരം. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട വിവിധ നികുതികളിലും തിരിമറി നടത്തിയതായും സംശയം ഉയര്‍ന്നിട്ടുണ്ട്.
വര്‍ഷങ്ങളായി കോടികളുടെ തട്ടിപ്പു നടത്തിയിട്ടും പരിശോധനയില്‍ കണ്ടെത്താനാവാത്തത് സംശയാസ്പദമാണെന്ന നിഗമനത്തിലാണ് പോലീസ്. ഓഡിറ്റിംഗ് കൃത്യമായി നടക്കുന്ന സ്ഥാപനമാണിത്. ഇതില്‍ ഒന്നും കണ്ടെത്താത്തതിനാല്‍ അത്തരക്കാരില്‍ ആര്‍ക്കെങ്കിലും തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കും. ബാങ്ക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധനാവിധേയമാക്കും. ടൗണ്‍ പോലീസ് സ്ഥാപന അധികൃതരില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ അടുത്ത ദിവസം ചോദ്യം ചെയ്യും.