മക്ക - പന്ത്രണ്ടു വര്‍ഷത്തിലേറെയായി ഇസ്രായിലി ജയിലില്‍ കഴിയുന്ന ഫലസ്തീനിയുടെ പ്രതിശ്രുതവധു ഹനാദി അബ്ദുറഹ്മാന്‍ അല്‍നജ്ജാര്‍ പുണ്യഭൂമിയില്‍. ഗസ്സ നിവാസിയായ ഹനാദി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായാണ് ഹജിനെത്തിയത്. മുറിവേറ്റ ഹൃദയങ്ങളുമായാണ് പുണ്യഭൂമിയിലെത്തിയതെന്ന് ഹനാദി പറയുന്നു. സൗദി ഭരണാധികാരികളും ജനതയും ഞങ്ങളുടെ മുറിവുകള്‍ ഉണക്കുകയായിരുന്നു.
സല്‍മാന്‍ രാജാവിനോടും സൗദി ജനതയോടും പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയുണ്ട്. സൗദി ഭരണാധികാരികളും ജനതയും ഞങ്ങള്‍ക്കു മേല്‍ കരുണ ചൊരിയുകയായിരുന്നു. പുണ്യഭൂമിയിലെത്തിയ ഞങ്ങളെ എല്ലാവരും ആദരിക്കുകയും ആവശ്യമായ മുഴുവന്‍ സേവനങ്ങളും നല്‍കുകയും ചെയ്തു. ആദരവും മികച്ച പെരുമാറ്റവുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.
സൗദി ജനത കാണിച്ച സ്‌നേഹാദരങ്ങളിലുള്ള വികാരങ്ങള്‍ വിശേഷിപ്പിക്കാന്‍ കഴിയില്ല. ഊഷ്മളമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഫലസ്തീന്‍ ജനതയോട് സൗദി ജനത കാണിക്കുന്ന മാതൃകാപരമായ പെരുമാറ്റം കണ്ട് ഞാന്‍ കരഞ്ഞുപോയി. ഫലസ്തീനികള്‍ക്ക് ആദരവും സ്‌നേഹവും ഈ പുണ്യഭൂമിയില്‍ മാത്രമാണ് ലഭിക്കുന്നത്. മുസ്‌ലിമിന്റെ യഥാര്‍ഥ മുഖം സൗദി ജനതയാണെന്നും ഹനാദി പറഞ്ഞു.