Sorry, you need to enable JavaScript to visit this website.

കേരളത്തിലെ വന്ദേഭാരത് സർവീസുകൾ മെഗാ ഹിറ്റ് 

ഇന്ത്യയിൽ ആരംഭിച്ച വന്ദേഭാരത് സർവീസുകളിൽ ഏറ്റവും ജനപ്രീതിയാർജിച്ച രണ്ടെണ്ണവും കേരളത്തിൽ. അടുത്തിടെയാണ് കേരളത്തിന്റെ വന്ദേഭാരത് സ്പീഡ് ട്രെയിനുകൾ ഓടിത്തുടങ്ങിയത്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനവും മെട്രോ നഗരവുമായ മുംബൈയെയും വ്യവസായ നഗരമായ അഹമ്മദാബാദിനെയും (ഗാന്ധി നഗർ) കണ്ക്റ്റ് ചെയ്ത് നടത്തുന്ന സർവീസിനേക്കാൾ മുമ്പിലാണ് കേരളത്തിന്റെ രണ്ടറ്റത്തേയും ബന്ധിപ്പിച്ച് ഇരു ദിശകളിലും സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾ. റെയിൽവേ പുറത്തുവിട്ട കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. ഇന്ത്യയിൽ 23 ജോഡി വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. ഇവയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാസർകോട് - തിരുവനന്തപുരം എകസ്പ്രസാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതും. 
കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ ശരാശരി ഒക്യുപെൻസി 183 ശതമാനമാണ്. തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് ശരാശരി 176 ശതമാനവും. തൊട്ട് പിന്നിലുള്ള ഗാന്ധി നഗർ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെൻസി 134 ശതമാനം മാത്രമാണ്. ഇടയ്ക്ക് ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെൻസി വിലയിരുത്തുന്നത്. 46 വന്ദേഭാരത് ട്രെയിനുകളിൽ ശരാശരി റിസർവ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 176 ശതമാനമാണ്. ഇതിൽ ഒന്നാമതാണ് കേരളം. ഇതു രണ്ടും കഴിഞ്ഞാണ് ഗാന്ധിനഗർ - മുംബൈ സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് പോലും വരുന്നത്. 
2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചത്. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് ശരാശരി  ഒരു മണിക്കൂർ നേരത്തെ എത്താൻ കഴിയുമെന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്. ന്യൂദൽഹി-ശ്രീമാതാ വൈഷ്ണോ ദേവി കത്രയാണ് ഏറ്റവും വേഗമേറിയ ട്രെയിൻ. 665 കിലോമീറ്റർ ദൂരം ഈ ട്രെയിൻ പിന്നിടുന്നത് എട്ട് മണിക്കൂർ സമയം കൊണ്ടാണ്. ഈ ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറിൽ 95 കിലോമീറ്ററാണ്.
മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേഭാരത് എക്‌സ്പ്രസിലെ റിസർവ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 129 ശതമാനമാണ്, വരാണസി-ന്യൂദൽഹി വന്ദേഭാരത് എക്‌സ്പ്രസ് (128 ശതമാനം), ന്യൂദൽഹി-വരാണസി വന്ദേ ഭാരത് എക്‌സ്പ്രസ് (124 ശതമാനം), ഡെറാഡൂൺ-അമൃത്‌സർ വന്ദേഭാരത് എന്നിവയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള ട്രെയിനുകൾ. ഭാരത് എക്സ്പ്രസ് (105 ശതമാനം), മുംബൈ-ഷോലാപൂർ വന്ദേഭാരത് എക്സ്പ്രസ് (111 ശതമാനം), ഷോലാപൂർ-മുംബൈ വന്ദേഭാരത് എക്സ്പ്രസ് (104 ശതമാനം). കിഴക്കൻ മേഖലയിൽ, ഹൗറ-ജൽപായ്ഗുരി വന്ദേഭാരത് എക്‌സ്പ്രസിന് ശരാശരി 108 ശതമാനവും മടക്കയാത്രയിൽ 103 ശതമാനവുമാണ്. പട്‌ന-റാഞ്ചി വന്ദേഭാരത് എക്‌സ്പ്രസിന് 125 ശതമാനവും മടക്കയാത്രയിൽ 127 ശതമാനവുമാണ്. ട്രെയിൻ ഇതുവരെ 2140 ട്രിപ്പുകൾ നടത്തി, 25,20,370 യാത്രക്കാർ 2022 ഏപ്രിൽ 1 മുതൽ 2023 ജൂൺ 21 വരെ വന്ദേഭാരത് എക്‌സ്പ്രസിൽ കയറിയതായാണ്  കണക്കുകൾ.
ഇതിനിടെ, കേരളത്തിന് ലഭിക്കേണ്ട രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ തമിഴ്‌നാട്ടിലേക്ക് മാറ്റാൻ ശ്രമം. നാഗർകോവിലിൽ നിന്നും തിരുനെൽവേലി വഴി മധുരയിലേക്ക് സർവീസ് നടത്താനാണ് നീക്കം. കേരളം ഉണർന്നു പ്രവർത്തിച്ചിട്ടില്ലെങ്കിൽ രണ്ടാം വന്ദേഭാരത് ട്രെയിൻ സംസ്ഥാനത്തിന് നഷ്ടമാവും. തമിഴ്‌നാട്ടിൽ ഇപ്പോൾ രണ്ട് വന്ദേഭാരത് ട്രെയിനുകളുണ്ട്. ചെന്നൈയിൽ നിന്ന് മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും. മൂന്നാമത്തെ വന്ദേഭാരത് ചെന്നൈയിൽ നിന്ന് തിരുപ്പതിയിലേക്കും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഉടനുണ്ടാകും. ചെന്നൈയിൽ നിന്ന് ആന്ധ്രയിലെ വിജയവാഡയിലേക്കു നാലാമത്തെ വന്ദേഭാരത് അനുവദിക്കുന്ന കാര്യവും റെയിൽവേയുടെ സജീവ പരിഗണനയിലാണ്. കേരളത്തിൽ കൂടുതൽ വന്ദേഭാരത് അനിവാര്യമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പാലക്കാട്-മംഗളൂരു, കോഴിക്കോട്-കോട്ടയം, കണ്ണൂർ-തൃശൂർ റൂട്ടുകളിൽ പുതിയ സർവീസുകൾ ആരംഭിക്കാവുന്നതേയുള്ളൂ. 

Latest News