തിരുവനന്തപുരം - കാട്ടാക്കട കോളജിലെ ആള്‍മാറാട്ട കേസില്‍ ഒന്നും രണ്ടും പ്രതികളായ മുന്‍ എസ് എഫ് ഐ നേതാവ് വിശാഖും കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ജി. ജെ. ഷൈജുവും കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. രണ്ടു പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുയും ചെയ്തിരുന്നു. കോളജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച വിദ്യാര്‍ത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സര്‍വകലാശാലക്ക് പ്രിന്‍സിപ്പല്‍ കൈമാറിയത്. സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിന്‍സിപ്പലിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാട്ടാക്കട പൊലീസിന്റെ അന്വേഷണത്തിനിടെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹര്‍ജി തള്ളിയ ശേഷമാണ് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.