കൊച്ചി- സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് എറണാകുളത്തും കാസര്‍കോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് വിവിധ ജില്ലകളില്‍, റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളത്തും കാസര്‍കോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവധിയും കാസര്‍കോട് ജില്ലയില്‍ കോളജുകള്‍ ഒഴികെ അവധിയുമാണ്. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
ആലപ്പുഴയില്‍ പ്രൊഫഷണല്‍ കോളജുകള്‍, അംഗന്‍വാടി ഉള്‍പ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മുന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാവില്ലെന്ന് കലക്ടര്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കോളജുകള്‍ക്ക് അവധി ബാധകമല്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ഇന്നത്തെ അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദേശിച്ചു.