റിയാദ്- ഇംഗ്ലണ്ടിന്റെയും ലിവർപൂളിന്റെ മുൻ മിഡ്ഫീൽഡർ സ്റ്റീവൻ ജെറാർഡ് സൗദി അറേബ്യൻ ടീമായ അൽ-ഇത്തിഫാക്കിന്റെ പരിശീലകനാകും. ക്ലബ് ചെയർമാൻ ഖാലിദ് അൽ-ദബലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജെറാർഡിന്റെ സാന്നിധ്യം തീർച്ചയായും ഞങ്ങളുടെ ക്ലബ്ബിന്റെ വളർച്ചയിൽ വൻ കുതിച്ചുചാട്ടമാകുമെന്ന് ഖാലിദ് അൽ ദബൽ വ്യക്തമാക്കി. സൗദി ക്ലബ്ബുമായി രണ്ട് വർഷത്തെ കരാറിലാണ് ജെറാർഡ് ഒപ്പുവെച്ചത്.
കഴിഞ്ഞ സീസണിൽ സൗദി പ്രോ ലീഗിൽ ചാമ്പ്യന്മാരായ അൽ ഇത്തിഹാദിന് 35 പോയിന്റ് പിന്നിലായി അൽ-ഇത്തിഫാഖ് ഏഴാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആസ്റ്റൺ വില്ലയുടെ മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ജെറാർഡിന് ജോലിയില്ലായിരുന്നു.