കൊച്ചി- മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസറുടെ പി എച്ച് ഡി പ്രബന്ധം കോപ്പിയടിയാണെന്ന ആരോപണവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായ രതീഷ് കളിയാടനെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ ഒരു സർക്കാർ സ്‌കൂളിൽ 2009-17 കാലത്തു ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ 2012-14 ൽ ആസാമിൽ നിന്നും ചട്ടവിരുദ്ധമായാണ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡൈ്വസറുമായ രതീഷ് കാളിയാടൻ ഒരേ സമയം ഫുൾടൈമായി പി എച്ച് ഡി നേടിയത്. ആസാം സർവകലാശാലയിൽ നിന്നും പി എച്ച് ഡി നേടിയ രതീഷ് കാളിയാടന്റെ പ്രബന്ധത്തിന്റെ മൊത്തം കോപ്പിയടി തോത് ടേണിറ്റിൻ സോഫ്റ്റ്വെയർ പ്രകാരം 70 ശതമാനമാണ്. ഓരോ ചാപ്റ്ററും എടുത്ത് പ്രത്യേകം പരിശോധിച്ചപ്പോഴും വലിയ കോപ്പിയടി തോത് വ്യക്തമായി. ഇന്റർനെറ്റ്, പ്രസിദ്ധീകരണങ്ങൾ, വിദ്യാർത്ഥി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽ നിന്നും ആണ് പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നത് ഏറ്റവും വ്യക്തമായ രീതിയിൽ കോപ്പിയടി തോത് പ്രകടമാക്കുന്ന അംഗീകരിക്കപ്പെട്ട യു ജി സി അംഗീകൃത സോഫ്റ്റ്വെയർ ആണിത്.
കേരളത്തിൽ രതീഷ് കാളിയാടൻ ഹയർസെക്കൻഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവിൽ ആണ് ആസാം സർവ്വകലാശാലയിൽ നിന്നും പി എച്ച് ഡി നേടിയതായി രേഖയിൽ ഉള്ളത്. ഇവിടെ ജോലി ചെയ്യുമ്പോൾ അദ്ദേഹത്തിന് എങ്ങനെ ആസാമിൽ പോയി പി എച്ച് ഡി ഗവേഷണം നടത്തുവാൻ സാധിച്ചു എന്നുള്ളത് ദുരൂഹമാണ് . പിഎച്ച്ഡി ചെയ്യുവാൻ കുറഞ്ഞത് മൂന്നു വർഷങ്ങൾ എങ്കിലും വേണം എന്ന യുജിസി നിബന്ധന ഉള്ളപ്പോൾ രതീഷ് കാളിയാടൻ രണ്ടുവർഷംകൊണ്ട് പി എച്ച് ഡി പൂർത്തിയാക്കി. മാത്രവുമല്ല യുജിസി നിഷ്‌കർഷിക്കുന്ന കോഴ്‌സ് വർക്ക് ഇദ്ദേഹം ചെയ്തിട്ടില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.