കുവൈത്ത് സിറ്റി- കുവൈത്തില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 922 പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. മാനവശേഷി വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് വകുപ്പുകള്‍ സഹകരിച്ചാണ് റെയ്ഡുകള്‍ നടത്തി നിയമലംഘകരെ പിടികൂടിയതെന്ന് അല്‍ഖബസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫര്‍വാനിയ, കബ് ദ്, ഉമ്മുല്‍ഹൈമാന്‍, അല്‍ദഹര്‍, ഷുവൈഖ്, ജലീബല്‍ഷുയൂഖ് എന്നീ മേഖലകളെ ലക്ഷ്യമിട്ട് ജൂണില്‍ 24 പരിശോധനാ കമ്പയിനുകള്‍ നടത്തിയിരുന്നു.
സ്ത്രീകളുടെ മൊബൈല്‍ ഹോം സലൂണുകള്‍, ഹോട്ടലുകള്‍, ഗതാഗതം, പുതിയതും ഉപയോഗിച്ചതുമായ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഇരുമ്പ് നന്നാക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള കടകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു പരിശോധന.
അറസ്റ്റിലായവരില്‍ വലിയൊരു ശതമാനം വീട്ടുജോലിക്കാരാണെന്നും തൊഴിലുടമക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ താമസകാര്യ അന്വേഷണത്തിലേക്ക് മാറ്റിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന അഞ്ച് വ്യാജ ഓഫീസുകള്‍ കണ്ടെത്താനും അടച്ചുപൂട്ടാനും സാധിച്ചിരുന്നു. അറസ്റ്റിലായവരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പകള്‍ക്ക് കൈമാറിയിരിക്കയാണ്.