അബുദാബി- ആഗോളതലത്തിലും ആഭ്യന്തരമായും നിക്ഷേപ തന്ത്രം വികസിപ്പിക്കുന്നതിായി യുഎഇ പുതിയ ഫെഡറല്‍ നിക്ഷേപ മന്ത്രാലയം രൂപീകരിക്കുന്നു. അയല്‍രാജ്യങ്ങളുമായി വര്‍ധിച്ചുവരുന്ന സാമ്പത്തിക മത്സരത്തിന്റെ പശ്ചാത്തലത്താലിണ് രാജ്യത്തിന്റെ നിക്ഷേപ തന്ത്രം വികസിപ്പിക്കുന്നതിന് പ്രത്യേക മന്ത്രാലയം ആരംഭിക്കുന്നത്. വരുമാനത്തിനായി എണ്ണയെ ആശ്രയിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങളെല്ലാം സമ്പദ്‌വ്യവസ്ഥയും വരുമാന സ്രോതസ്സുകളും വൈവിധ്യവത്കരിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.
യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ക്യാബിനറ്റ് യോഗത്തിന് ശേഷം ട്വിറ്ററിലൂടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. മുഹമ്മദ് ഹസന്‍ അല്‍ സുവൈദി നിക്ഷേപ മന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയിലെ നിക്ഷേപ അന്തരീക്ഷം ഉത്തേജിപ്പിക്കുക, ആഗോള നിക്ഷേപം ആകര്‍ഷിക്കുന്നതിനായി യുഎഇയുടെ നിയമനിര്‍മ്മാണങ്ങളും നടപടിക്രമങ്ങളും കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുക എന്നിവയും മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
അപകടസാധ്യതകള്‍ നിരീക്ഷിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുമായി യു.എ.ഇ സാമ്പത്തിക സ്ഥിരതാ കൗണ്‍സില്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ആദ്യം ശൈഖ് മുഹമ്മദ് ഡി 33 എന്നറിയപ്പെടുന്ന 10 വര്‍ഷത്തെ സാമ്പത്തിക പദ്ധതി അവതരിപ്പിച്ചിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കാനും ദുബായിയെ ഒരു ദശാബ്ദത്തിനുള്ളിലെ മികച്ച നാല് ആഗോള സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി മാറ്റാനും ലക്ഷ്യമിടുന്നു.