ദമാം - കിഴക്കന്‍ പ്രവിശ്യയില്‍ ഒരു വിദേശി അടക്കം അഞ്ചു ഭീകരര്‍ക്ക് ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തുകാരന്‍ ത്വല്‍ഹ ഹിശാം മുഹമ്മദ് അബ്ദു, സൗദി പൗരന്മാരായ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് അസീരി, നസ്സാര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍മൂസ, ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍മൂസ, അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍തുവൈജിരി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്. സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരനുമായും മറ്റു നാലു ഭീകരരുമായും ചേര്‍ന്ന് ഈജിപ്തുകാരന്‍ ത്വല്‍ഹ അല്‍ഹസയില്‍ ശിയാക്കളുടെ ആരാധനാ കേന്ദ്രത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ സൈനികര്‍ക്കും ആരാധനാ കേന്ദ്രത്തിനും നേരെ വെടിവെപ്പ് നടത്തിയ ഈജിപ്തുകാരന്‍ ബെല്‍റ്റ് ബോംബ് സ്‌ഫോടനത്തിലൂടെ സ്വയം ചാവേറാക്രമണം നടത്താനും ശ്രമിച്ചിരുന്നു. ഭീകരരായ അഹ്മദും നസ്സാറും ഹമദും ഈജിപ്തുകാരനൊപ്പം ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ആരാധനാ കേന്ദ്രത്തിനു നേരെയുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പങ്ക് വഹിക്കുകയും ചെയ്തു. ഭീകരനായ അബ്ദുല്ല ഭീകരാക്രമണ പദ്ധതിയെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടും അതേ കുറിച്ച് സുരക്ഷാ വകുപ്പുകളെ അറിയിക്കാതിരിക്കുകയും ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പിന്നീട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരനെ പ്രേരിപ്പിച്ചതായും തെളിഞ്ഞിരുന്നു.