കണ്ണൂര്‍- കൂലി തികച്ചു നല്‍കാത്ത വിരോധത്തില്‍ മേസ്തിരിയുടെ വീടിന്റെ ഓടിളക്കി അകത്ത് കയറി സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത പയ്യന്നൂര്‍ സ്വദേശി പിടിയില്‍. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി തായമ്പത്ത് രതീഷിനെ (38)യാണ് വളപട്ടണം എസ്.ഐ. നിഥിന്‍ അറസ്റ്റ് ചെയ്തത്.
കര്‍ണ്ണാടക മൈസൂരില്‍ നിര്‍മ്മാണ പ്രവൃത്തിക്കാരനായ അഴീക്കോട് അയനിവയല്‍ സ്വദേശി ബോടന്‍ ഹൗസില്‍ പ്രസന്നന്റെ (41) വീട്ടില്‍ നിന്നാണ് അഞ്ചര പവന്റെ ആഭരണങ്ങളും 15,200 രൂപയും കവര്‍ന്നത്.
മൈസൂരില്‍ പ്രസന്നന്റെ കൂടെ ജോലി ചെയ്ത ടൈല്‍സ് പണിക്കാരനായ രതീഷിന് കൂലി തികച്ചു നല്‍കാത്ത വിരോധത്തില്‍ പരാതിക്കാരനും കുടുംബവും ഇക്കഴിഞ്ഞ ശനിയാഴ്ച മൈസൂരില്‍ ഉല്ലാസയാത്ര പോയ തക്കം നോക്കി പൂട്ടി കിടക്കുകയായിരുന്ന അഴീക്കോട്ടെ വീടിന്റെ ഓടിളക്കി മാറ്റി മോഷണം നടത്തിയെന്നാണ് പരാതി. കേസെടുത്ത പോലീസ് പയ്യന്നൂരില്‍ വെച്ച് പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.