കൽപറ്റ-കർണാടകയിൽ ഇഞ്ചിവില കുതിക്കുന്നു. ചാക്കിന്(60 കിലോഗ്രാം) 12,500 രൂപ വിലയിലാണ് ഇന്നലെ കർണാടയുടെ വിവിധ ഭാഗങ്ങളിൽ പഴയിഞ്ചിക്കച്ചവടം നടന്നത്. ഇളയിഞ്ചി ചാക്കിന് 6,000 രൂപയാണ് വില. ഡിമാന്റിനൊത്ത സപ്ലൈയുടെ അഭാവത്തിൽ ഇഞ്ചിവില ആഴ്ചകൾക്കുള്ളിൽ ചാക്കിനു 15,000 രൂപ കടക്കുമെന്നാണ് കർഷകരുടെ അനുമാനം. ആദ്യമായാണ് ഇഞ്ചി വില ഇത്രയും ഉയരത്തിൽ എത്തുന്നത്. ജനുവരിയിൽ പഴയിഞ്ചി ചാക്കിന് ശരാശരി 2,000 രൂപയായിരുന്നു വില. ചാക്കിനു 10,000 രൂപ നിരക്കിലായിരുന്നു ഇന്നലെ വയനാട്ടിൽ ഇഞ്ചി വ്യാപാരം.
കഴിഞ്ഞ വർഷം നട്ട ഇഞ്ചി വിളവെടുക്കാൻ ബാക്കിയുള്ള കർഷകർ കർണാടകയിൽ വളരെ കുറവാണ്. ഇടത്തരം കർഷകരിൽ പലരും വിളവെടുപ്പ് നേരത്തേ നടത്തിയിരുന്നു. ഈ വർഷം നട്ട ഇഞ്ചി വിളവെടുപ്പിനു പാകമാകുന്ന ഡിസംബർ മുതൽ ഏതാനും മാസങ്ങളിലും ഇഞ്ചിക്ക് ഉയർന്ന വില ലഭിക്കുമെന്നാണ് കരുതുന്നതെന്നു എച്ച്ഡി കോട്ട താലൂക്കിൽ ഭൂമി പാട്ടത്തിനെടത്ത് കൃഷി നടത്തുന്ന പുൽപള്ളി ഇലക്ട്രിക് കവലയിലെ കൈനികുടി പീറ്റർ പറഞ്ഞു. കർഷകരുടെ പ്രതീക്ഷയ്‌ക്കൊത്തല്ല ഈ നടപ്പുവർഷം നട്ട ഇഞ്ചിയുടെ വളർച്ച. പലേടങ്ങളിലും ഇഞ്ചിപ്പാടങ്ങളിൽ മുരടിപ്പ് പ്രകടമാണ്. മഴക്കുറവ്, കഠിനമായ ചൂട് എന്നിവ കൃഷിയെ ബാധിക്കുകയാണ്. ഭൂഗർഭ ജലനിരപ്പ് താഴ്ന്നതിനാൽ കുഴൽക്കിണറുകളിൽനിന്നുള്ള വെള്ളം കൃഷിടം വേണ്ടവിധം നനയ്ക്കാൻ പര്യാപ്തമാകുന്നില്ല. രോഗങ്ങളും കൃഷിയെ ബാധിക്കുന്നുണ്ട്. ഇതെല്ലാം ഉത്പാദനത്തകർച്ചയ്ക്കു കാരണമാകുമെന്ന് കൃഷിക്കാർ പറയുന്നു.
കർണാടകയിൽ മൈസൂരു, ഷിമോഗ, മാണ്ഡ്യ, ഹാസൻ, ചാമരാജ്‌നഗർ, ഹുബ്ലി, ഹാവേരി, കൂർഗ് ജില്ലകളിലാണ് മലയാളികൾ പ്രധാനമായും ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി ഉൾപ്പെടെ കൃഷികൾ നടത്തുന്നത്.