കണ്ണൂർ-കോർപറേഷൻ മേയർ പദവി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹരമായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ലീഗ് നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് പരിഹാരമുണ്ടായത്. മേയർ സ്ഥാനം ലീഗുമായി കോൺഗ്രസ് പങ്കുവെക്കുമെന്നും, ഇതു സംബന്ധിച്ച് രണ്ട് ദിവസങ്ങൾക്കകം ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ലീഗ് നേതാക്കളും വിഷയത്തിൽ അനുകൂല പ്രതികരണമാണ് നടത്തിയത്. കണ്ണൂർ കോർപറേഷൻ മേയർ പദവി രണ്ടര വർഷത്തിന് ശേഷം വിട്ടുനൽകണമെന്ന ലീഗ് ആവശ്യത്തോട് കോൺഗ്രസ് നേതൃത്വം മുഖം തിരിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകേണ്ടെന്ന നേതൃയോഗ തീരുമാനത്തിന്റെ വെളിച്ചത്തിൽ, കെ.പി.സി.സി പ്രസിഡന്റിന്റെ പരിപാടി ഉൾപ്പെടെ ബഹിഷ്‌കരിച്ച ലീഗ് നേതൃത്വം കടുത്ത നടപടികളിലേക്ക് കടന്നിരുന്നു.
ഇതിനിടെയാണ് കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ലീഗ് നേതൃത്വവുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. കണ്ണൂർ ഗസ്റ്റ് ഹൗസിൽ തിങ്കളാഴ്ച രാവിലെ നടന്ന ചർച്ചയിൽ ലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടിയും ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരിം ചേലേരി ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും രണ്ടുവർഷത്തേക്ക് ലീഗുമായി മേയർ സ്ഥാനം പങ്കിടാമെന്ന് ധാരണയായതെന്നാണ് സൂചന. ഇതോടെ കോൺഗ്രസുമായി കോർപ്പറേഷനിൽ സഹകരിക്കില്ലെന്ന തീരുമാനം ലീഗ് പിൻവലിച്ചു.
രണ്ടര വർഷം കിട്ടുന്നില്ലെങ്കിൽ ഒരു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൂടി ആറ് മാസത്തേക്ക് നൽകണം എന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ധാരണ ആയിട്ടില്ല. കണ്ണൂർ കോർപറേഷനിലെ മേയർ പദവിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും സതീശൻ വ്യക്തമാക്കി. നാളെയോ മറ്റന്നാളോ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നിലവിൽ ഒരു ജില്ലകളിൽ പോലും കോൺഗ്രസും ലീഗും തമ്മിൽ തർക്കങ്ങളില്ല. ലീഗും കോൺഗ്രസും തമ്മിൽ കാലങ്ങളായി സഹോദര ബന്ധമാണ് കണ്ണൂർ ജില്ലയിലുള്ളത്. അതിന് ഒരു പോറൽ പോലും ഏൽപ്പിക്കില്ലെന്നും സതീശൻ പറഞ്ഞു. മേയർ പദവി വിഷയത്തിൽ തീരുമാനമായതോടെ യു.ഡി.എഫ് ഭരിക്കുന്ന, സംസ്ഥാനത്തെ ഏക കോർപ്പറേഷനിൽ മുന്നണിയിലെ പ്രതിസന്ധിക്ക് പരിഹാരമായി.