മക്ക - ഇസ്‌ലാം ആശ്ലേഷിച്ച ജര്‍മന്‍ പൗരന്‍ ഒലിവര്‍ ലെവര്‍നെസ് ഹജ് കര്‍മം നിര്‍വഹിച്ചതിന്റെ നിര്‍വൃതിയില്‍. ക്രിസ്ത്യാനിയായി ജനിച്ച താന്‍ 34-ാം വയസിലാണ് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് ഒലിവര്‍ ലെവെര്‍നെസ് പറഞ്ഞു. ത്രിയേകത്വവുമായി ബന്ധപ്പെട്ട ക്രിസ്ത്യന്‍ ആശയങ്ങളുടെ സാധുതയെ കുറിച്ച് തനിക്ക് നേരത്തെ ചില സംശയങ്ങളുണ്ടായിരുന്നു. അടുപ്പക്കാരില്‍ ഒരാള്‍ തനിക്ക് വിശുദ്ധ ഖുര്‍ആന്‍ കോപ്പി സമ്മാനിച്ചു. തിരുത്തലുകള്‍ വരുത്താത്ത ദൈവീക ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ എന്ന് ഖുര്‍ആന്‍ പഠിച്ചതില്‍ നിന്ന് തനിക്ക് വ്യക്തമായി. ഇത് തന്റെ ജീവിതത്തെ മാറ്റിമറിച്ചു.
ഇസ്‌ലാമും ഖുര്‍ആനും ഏക ദൈവത്തെ കുറിച്ചാണ് പറയുന്നത്. ഇത് തന്റെ കാഴ്ചപ്പാട് മാറ്റുകയായിരുന്നു. എന്നെ സംബന്ധിച്ചേടത്തോളം ഖുര്‍ആനിലെ നിയമങ്ങളും കഥകളും വ്യക്തവും മനസ്സിലാക്കാന്‍ എളുപ്പവുമാണ്. തന്റെ സംശയങ്ങളെല്ലാം ഖുര്‍ആന്‍ ഇല്ലാതാക്കി. കഴിഞ്ഞ നാലു വര്‍ഷങ്ങളിലും താന്‍ ഹജ് വിസക്ക് ശ്രമിച്ചിരുന്നു. കോവിഡ്-19 വ്യാപനം തടയാനുള്ള കടുത്ത ആരോഗ്യ നിയന്ത്രണങ്ങള്‍ മൂലം ഹജ് വിസ ലഭിച്ചില്ല. കഴിഞ്ഞ കൊല്ലവും വിസ ലഭിച്ചില്ല. എന്നാല്‍ ഹജ് നിര്‍വഹിക്കുകയെന്ന സ്വപ്നം ഈ വര്‍ഷം സഫലമായി.
പ്രവാചകന്മാരുടെ ചരിത്രങ്ങള്‍ വായിച്ചും ഹജിന്റെ ആശയങ്ങളെ കുറിച്ച് പഠിച്ചും മുമ്പ് ഹജ് കര്‍മം നിര്‍വഹിച്ചവരോട് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞും കഴിഞ്ഞ കൊല്ലങ്ങളില്‍ താന്‍ ഹജിനുള്ള തയാറെടുപ്പിലായിരുന്നു. ഹജ് ലക്ഷ്യത്തോടെ പുണ്യഭൂമിയിലേക്കുള്ള യാത്ര സ്വന്തം വീട്ടിലേക്കുള്ള യാത്രയായി സദാ തോന്നുകയും മനസ്സില്‍ സമാധാനവും ഊഷ്മളതയും അനുഭവപ്പെടുകയും ചെയ്തതായി ഒലിവര്‍ ലെവെര്‍നെസ് പറഞ്ഞു.