Sorry, you need to enable JavaScript to visit this website.

ഖുര്‍ആന്‍ കത്തിക്കല്‍: സൗദി അറേബ്യ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി

റിയാദ്- സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ സെന്‍ട്രല്‍ ജുമാമസ്ജിദിനു മുന്നില്‍ ബലിപെരുന്നാള്‍ ദിവസം വിശുദ്ധ ഖുര്‍ആന്‍ കോപ്പി പോലീസ് സംരക്ഷണയില്‍ കത്തിച്ച സംഭവത്തില്‍ സൗദിയിലെ സ്വീഡിഷ് അംബാസഡറെ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി  ശക്തമായ പ്രതിഷേധം അറിയിച്ചു. സംഭവത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ജൂണ്‍ 29 ന് വിദേശ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരുന്നു. സഹിഷ്ണുത, മിതവാദം, തീവ്രവാദത്തെ നിരാകരിക്കല്‍ എന്നിവയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് വിരുദ്ധമായ, വ്യത്യസ്ത ജനവിഭാഗങ്ങളും രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആവശ്യമായ പരസ്പര ബഹുമാനത്തെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ പ്രവൃത്തികളും അവസാനിപ്പിക്കാന്‍ സ്വീഡിഷ് ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
യു.എ.ഇയും കുവൈത്തും മൊറോക്കൊയും അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളിലെ സ്വീഡിഷ് അംബാസഡര്‍മാരെ വിളിച്ചുവരുത്തി സംഭവത്തിലുള്ള ഔദ്യോഗിക പ്രതിഷേധം അറിയിച്ചിരുന്നു. മൊറോക്കൊ തങ്ങളുടെ അംബാസഡറെ സ്വീഡനില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുമുണ്ട്.
അതേസമയം, ലോകത്ത് ഇസ്‌ലാമോഫോബിയ ചെറുക്കാനുള്ള കര്‍മ പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്ന് ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തിര യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ ആവശ്യപ്പെട്ടു. ലോകത്ത് അസഹിഷ്ണുതയും വിവേചനങ്ങളും അക്രമപ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്നതില്‍ സംഘടന ആഴത്തിലുള്ള ഉത്കണ്‍ഠ പ്രകടിപ്പിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്‌ലാമോഫോബിയ വര്‍ധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നു. മതപരമായ അസഹിഷ്ണുതയും നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളും മുസ്‌ലിംകള്‍ക്കെതിരെ വിദേഷവും അക്രമവും വര്‍ധിച്ചുവരുന്നതിതിന് തെളിവാണ്.
വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ നശിപ്പിക്കുന്നതുള്‍പ്പെടെ, ഇസ്‌ലാമിക മതചിഹ്നങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളെയും അവഹേളിച്ചുകൊണ്ട് തീവ്രവലതുപക്ഷക്കാരുടെ ഭാഗത്തുള്ള ആവര്‍ത്തിച്ചുള്ള പ്രകോപനപരമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വംശീയ പ്രസ്ഥാനങ്ങളുളും വലതുപക്ഷ തീവ്രവാദവും വീണ്ടും ശക്തമാകുന്നത് ആഴത്തിലുള്ള ഉത്കണ്‍ഠയുണ്ടാക്കുന്നു. അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വിവേചനത്തിനും ശത്രുതക്കും അക്രമത്തിനും പ്രേരിപ്പിക്കുന്ന വിദ്വേഷത്തിന്റെ എല്ലാ ആഹ്വാനങ്ങളെയും അപലപിക്കുന്നു. ലോകത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ മതങ്ങള്‍, സംസ്‌കാരങ്ങള്‍, നാഗരികതകള്‍ എന്നിവിക്കിടയില്‍ സംവാദവും പരസ്പരധാരണയും സഹകരണവും പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണ്. സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിദ്വേഷം, മതഭ്രാന്ത്, തീവ്രവാദം, അക്രമം എന്നിവയെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.
ബലിപെരുന്നാള്‍ ദിവസം സ്റ്റോക്ക്‌ഹോമില്‍ സെന്‍ട്രല്‍ മസ്ജിദിനു പുറത്ത് വിശുദ്ധ ഖുര്‍ആന്‍ പിച്ചിച്ചീന്തി കത്തിച്ചതിനെ ശക്തമായി അപലപിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ കോപ്പികളെ ആവര്‍ത്തിച്ച് അവഹേളിക്കുന്നതിനെ അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ക്ക് സ്വീഡിഷ് അധികൃതര്‍ അനുമതി നല്‍കിയത് ഖേദകരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടാനും മുസ്ഹഫ് കോപ്പി കത്തിച്ചതിനെ അപലപിക്കാനും സ്വീഡനിലേക്കും യൂറോപ്യന്‍ യൂനിയനിലേക്കും പ്രത്യേക സംഘത്തെ അയക്കുന്ന കാര്യം പരിശോധിക്കുമെന്നും ഒ.ഐ.സി പറഞ്ഞു.

 

Latest News