വെളുക്കാൻ തേച്ചത് പാണ്ടായി എന്നത് ചികിത്സാരംഗവുമായി ബന്ധപ്പെട്ട് പറഞ്ഞു തേഞ്ഞ ഉപമയാണ്. പനി ചികിത്സയുടെ കാര്യത്തിൽ കേരളത്തിലിപ്പോൾ നടക്കുന്നത് അതാണ്. പനിമാറാൻ കഴിക്കുന്നതൊക്കെ മഹാരോഗങ്ങൾക്കുള്ള വഴിയായിത്തീരുന്നു. ഒരോ അപകട മരുന്നും അകത്ത് ചെല്ലുമ്പോൾ അയ്യോ, ഇവനെന്നെ കൊല്ലുന്നേ എന്ന് ആന്തരികാവയവം വലിയ വായിൽ നിലവിളിക്കില്ല. പക്ഷേ മെല്ലെയാണെങ്കിലും അവ നമ്മോടത് പറയുന്നുണ്ട്- അരുത്, അരുതെന്ന്. ആരോഗ്യ മന്ത്രിയും അധികൃതരുമല്ല, ജനങ്ങൾ ജാഗ്രത കാണിക്കേണ്ട വിഷയ ങ്ങളാണിതൊക്കെ.
പനി എല്ലാ ശ്രമങ്ങളെയും വിഫലമാക്കി പടരുകയാണ്. ഒരു മാസത്തിൽ മാത്രം കേരളത്തിൽ പനി ബാധിച്ച് ചികിത്സ തേടിയത് മൂന്നു ലക്ഷത്തോളം പേരെന്നത് കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്ക്. ജൂണിൽ പല പേരുകളിലറിയപ്പെടുന്ന പനി ബാധിച്ച് മരിച്ചത് 126 പേർ. ഓരോ ദിവസവും പന്ത്രണ്ടായിരത്തിന് മുകളിൽ ആളുകളാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്നത്. ഇതിലുമെത്രയോ അധികം പേർ പനി ബാധിതരായി സർക്കാരിതര സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ടാകും. വേനൽ മാറി മഴയെത്തുന്നതോടെ കേരളത്തിൽ ജൂൺ, ജൂലൈ മാസങ്ങളിൽ പനി സാധാരണമാണ്. പ്രവചിക്കാനാകാത്ത കാലാവസ്ഥയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകുന്നതാണ് പനി വ്യാപനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന്. മഴക്കാലത്തിന് മുമ്പുള്ള മുന്നൊരുക്കങ്ങൾ എവിടെയൊക്കെയോ പാളിപ്പോയിട്ടുണ്ട്. പാളിച്ചകൾ ഒഴിവാക്കാനാകാം താഴെ തട്ടിൽ പ്രവർത്തനം ഊർജിതമാക്കാൻ റവന്യൂ - ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും എം.എൽ.എ മാരുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ നടത്തും. കലക്ടർമാർക്കായിരിക്കും തുടർനടപടികളുടെ ചുമതല.
പനി പടരുന്നതിനൊപ്പം വ്യാപിക്കുന്ന സ്വയം ചികിത്സയാണ് മറ്റൊരു വലിയ ഭീഷണിയായി വളരുന്നത്. മെഡിക്കൽ ഷോപ്പുകളിൽ ആന്റി ബയോടിക്കുകളുടെ വിൽപന ക്രമാതീതമായി വർധിക്കുകയാണ്. ഡോക്ടർമാരുടെ നിർദേശമില്ലാതെയാണ് പലരും ആന്റിബയോട്ടിക് വാങ്ങി കഴിക്കുന്നത്. ആന്റി ബയോട്ടിക്കുകളുടെ അശാസ്ത്രീയമായ അമിത ഉപയോഗം വലിയ രീതിയിലുളള പ്രതിസന്ധിയുണ്ടാക്കുമെന്ന് ആരോഗ്യ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പനിയിൽ നിന്ന് രക്ഷപ്പെടാൻ താൽക്കാലിക മാർഗമായി ആളുകൾ ആന്റിബയോട്ടിക്കുകളെ തന്നെ ആശ്രയിക്കുന്നു.
പോയ മാസം സാധാവൈറൽ പനി പടർന്നത് 2,93,424 പേരിലാണ്. മലമ്പനി, ചെള്ളുപനി, ഇൻഫഌവൻസ, സിക്ക എന്നിവയും സംസ്ഥാനത്ത് വ്യാപകമാകുന്നുണ്ട്. 6006 പേർ പോയ മാസം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. 1876 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയുണ്ടായി. ഈ പറഞ്ഞ പനികളടെയെല്ലാം ലക്ഷണം ഒരുപോലെയിരിക്കുമെന്നതിനാൽ ആന്റിബയോട്ടിക് കഴിച്ച് പനി ശമിപ്പിച്ചാലുള്ള അവസ്ഥ വലിയ അപകടത്തിലേക്ക് കാര്യങ്ങളെത്തിക്കും. ഗുരുതര രോഗങ്ങൾ കൊണ്ടുവരുന്ന രോഗാണുക്കളെ തടയാനുള്ളതാണ് ആന്റിബയോട്ടിക്കുകൾ എന്നതാണ് മോഡേൺ മെഡിസിന്റെ തിയറി. മോഡേൺ മെഡിസിനെ മാത്രം ആശ്രയിക്കുന്നയാളുകളിൽ മാരക രോഗങ്ങൾക്കുള്ള പ്രതിരോധ ശേഷി ഇല്ലാതാക്കിക്കളയാൻ ലക്കും ലഗാനുമില്ലാത്ത ആന്റി ബയോട്ടിക് തീറ്റ വഴിവെക്കും.
ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക് വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പൊന്നും വിജയം കാണുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആന്റി ബയോട്ടിക് സ്മാർട്ട് ആക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അതൊക്കെ വിജയം കാണുമോ എന്ന് കണ്ടറിയണം. കഠിന പനിയാണ്, ഡോക്ടർ ഇതൊന്ന് വേഗം സുഖപ്പെടുത്തിത്തരാമോ എന്ന് ചോദിച്ചെത്തുന്ന രോഗിക്ക് മുന്നിൽ ഡോക്ടർമാരും നിസ്സഹായരാകും. അങ്ങനെയായിരിക്കും പലരിലും ആന്റിബയോട്ടിക് എത്തിപ്പെടുന്നത്. വൈറൽ പനി ഉൾപ്പെടെയുള്ളവക്കും അനാവശ്യമായി ആന്റി ബയോട്ടിക് കുറിച്ചു കൊടുക്കുന്ന ഡോക്ടർമാരുണ്ട്.
പനി ഉൾപ്പെടെയുള്ള അവസ്ഥക്ക് നിയമപരമായി അംഗീകാരമുള്ള സമാന്തര ചികിത്സയിൽ ധാരാളം കാര്യങ്ങളുണ്ടെന്ന് പലർക്കും അറിയില്ല. അതൊന്നും ആരും പറഞ്ഞു കൊടുക്കുകയുമില്ല. കൊല്ലങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നുണ്ടായ അനുഭവം എടുത്തു പറയാമെന്ന് തോന്നുന്നു. പ്രശസ്തനായ ആയുർവേദ ഡോക്ടർ പി. ശങ്കരൻ കുട്ടി അവിടെ പദവികളിലിരുന്ന കാലം (പിന്നീടദ്ദേഹം മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പൽ സ്ഥാനത്തൊക്കെ എത്തി പിരിഞ്ഞു) അടിയന്തരമായി കോഴിക്കോട് യാത്ര വേണ്ടിവന്ന ദിവസം അതികഠിനമായ പനി. വഴി തേടി ശങ്കരൻ കുട്ടി ഡോക്ടറെ കണ്ടു. അദ്ദേഹം നേരെ അവരുടെ അടിയന്തര ചികിത്സ മുറിയിലേക്ക് വിട്ടു. അവിടെ നിന്ന് തന്നത് ഒരു ഗ്ലാസ് നിറയെ കറുത്തിരുണ്ട ഏതോ മരുന്ന്. പ്രയാസപ്പെട്ട് അത് കുടിച്ചു. അഞ്ച് മിനിറ്റ് കിടക്കാൻ പറഞ്ഞു. നല്ലവണ്ണം വിയർത്തു. പനി പോയ വഴി പിന്നെ കണ്ടില്ല. യാത്രയൊക്കെ സുഖം. ആയുർവേദം അവിടെ നിന്നെല്ലാം ഇപ്പോൾ എത്രയോ മുന്നേറിയിട്ടുണ്ടാകും. ഇതിനെല്ലാമുള്ള ടാബ്‌ലറ്റുകൾ ഉൾപ്പെടെ സുലഭമാണ്. പ്രാകൃത രൂപത്തിലായിരുന്ന വെട്ടുമാറൻ ഗുളിക (പനിക്കുള്ളത്) യൊക്കെ ഇപ്പോൾ മോഡേണാണ്. സ്ട്രിപ്പായി കിട്ടും -അങ്ങിനെ എന്തെല്ലാം.
ആധുനിക വൈദ്യത്തെ തികച്ചും അശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്നവർ സമാന്തര ചികിത്സയിലേക്കെങ്കിലും മാറുന്നതായിരിക്കും നല്ലതെന്ന് പറയാതെ വയ്യ. വെളുക്കാൻ തേച്ചത് പാണ്ടായി എന്നത് ചികിത്സാരംഗവുമായി ബന്ധപ്പെട്ട് പറഞ്ഞു തേഞ്ഞ ഉപമയാണ്. പനി ചികിത്സയുടെ കാര്യത്തിൽ കേരളത്തിലിപ്പോൾ നടക്കുന്നത് അതാണ്. പനി മാറാൻ കഴിക്കുന്നതൊക്കെ മഹാ രോഗങ്ങൾക്കുള്ള വഴിയായിത്തീരുന്നു. ഒരോ അപകട മരുന്നും അകത്ത് ചെല്ലുമ്പോൾ അയ്യോ, ഇവനെന്നെ കൊല്ലുന്നേ എന്ന് ആന്തരികാവയവം വലിയ വായിൽ നിലവിളിക്കില്ല. പക്ഷേ മെല്ലെയാണെങ്കിലും അവ നമ്മോടത് പറയുന്നുണ്ട്- അരുത്, അരുതെന്ന്. ആ രോഗ്യ മന്ത്രിയും അധികൃതരുമല്ല, ജനങ്ങൾ ജാഗ്രത കാണിക്കേണ്ട വിഷയങ്ങളാണിതൊക്കെ.