കൊച്ചി- സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിട്ടും ന്യായമായ കാരണമില്ലാതെ യാത്ര വിലക്കിയ വിമാനക്കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യന്‍ തോമസ് ഖത്തര്‍ എയര്‍വെയ്‌സിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍ ശ്രീവിദ്യ ടി. എന്‍ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.
ബച്ചു കുര്യന്‍ തോമസ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സ്‌കോട്‌ലാന്റിലേക്കുള്ള വിമാന യാത്രയ്ക്കായി പരാതിക്കാരനും സുഹൃത്തുക്കളും നാലുമാസം മുമ്പ് തന്നെ ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയില്‍ നിന്നും ദോഹയിലേക്കും അവിടുന്ന് എഡിന്‍ബറോയിലേക്കും വിമാനക്കമ്പനി യാത്രാ ടിക്കറ്റ് നല്‍കി. എന്നാല്‍ ദോഹയില്‍ നിന്നും എഡിന്‍ബറോയിലേക്കുള്ള യാത്രയാണ് വിമാനക്കമ്പനി വിലക്കിയത്. ഓവര്‍ ബുക്കിംഗ് എന്ന കാരണം പറഞ്ഞാണ് യാത്ര നിഷേധിച്ചത്. ഇത് സേവനത്തിലെ അപര്യാപ്തതയാണ് എന്നായിരുന്നു പരാതി.
നിശ്ചയിച്ച സമയത്ത് എത്താന്‍ കഴിയാതിരുന്നതു മൂലം വലിയ ബുദ്ധിമുട്ടുകളും കഷ്ടനഷ്ടങ്ങളും ഉണ്ടായെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല, പരാതിക്കാരനെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എതിര്‍കക്ഷികള്‍ ചെയ്തതെന്ന പരാതിക്കാരന്റെ വാദം കമ്മിഷന്‍ സ്വീകരിച്ചു. ഉപഭോക്താവ് എന്ന നിലയില്‍ തന്റെ നിയമപരമായ അവകാശം സംരക്ഷിക്കുന്നതിന് കോടതിയെ സമീപിച്ചതിന്റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച എതിര്‍കക്ഷികളുടെ നടപടി അന്യായവും അനുചിതവുമാണെന്ന് കോടതി വിലയിരുത്തി.
30 ദിവസത്തിനകം നഷ്ടപരിഹാരത്തുക എതിര്‍ കക്ഷി പരാതിക്കാരന് നല്‍കേണ്ടതും അല്ലാത്തപക്ഷം തുക നല്‍കുന്ന തിയ്യതി വരെ പിഴത്തുകയ്ക്ക് 9 ശതമാനം പലിശ കൂടി എതിര്‍കക്ഷി പരാതിക്കാരന് നല്‍കേണ്ടതാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.