സൗദിയിൽ റീ എൻട്രിക്ക് പോയവർ പുതിയ വിസയിൽ എത്തുമ്പോൾ തിരിച്ചയക്കുന്നു, കാരണമറിയാം

റീ എന്‍ട്രി - മൂന്നു വര്‍ഷം കഴിയും മുമ്പേ സൗദി എയര്‍പോര്‍ട്ടുകളിലെത്തുന്നു; തിരിച്ചയക്കല്‍ തുടര്‍ക്കഥ

റിയാദ്- സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പോയി തിരിച്ചുവരാത്തവര്‍ പുതിയ തൊഴില്‍ വിസയില്‍ വരുന്നതിന് റീ എന്‍ട്രി കാലാവധി അവസാനിച്ച് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്ന് ജവാസാത്ത് വീണ്ടും ഓര്‍മിപ്പിച്ചു. മൂന്നു വര്‍ഷം കഴിയണമെന്ന നിബന്ധന പാലിക്കാതെ നിരവധി പ്രവാസികള്‍ സൗദി എയര്‍പോര്‍ട്ടുകളില്‍ എത്തുകയും അവരെ തിരിച്ചയക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജവാസാത്ത് ഇക്കാര്യം വീണ്ടും ഓര്‍മപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മലയാളം ന്യൂസ് ജവാസാത്തുമായി ആശയവിനിമയം നടത്തിയിരുന്നു. 
കോവിഡ് കാലത്ത് റീ എന്‍ട്രിയില്‍ പോയി തിരിച്ചുവരാതെ പിന്നീട് മറ്റൊരു തൊഴിലുടമ നല്‍കിയ വിസയില്‍ തിരിച്ചെത്തുന്നവരാണ് സൗദി എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങുന്നവരിലധികവും. ഇങ്ങനെ നിയമ വിരുദ്ധമായി എത്തുന്നവരെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കാറില്ല. രണ്ടോ മൂന്നോ ദിവസം എയര്‍പോര്‍ട്ട് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം അവരെ കൊണ്ടുവന്ന അതേ വിമാനത്തില്‍ തിരിച്ചയക്കാറാണ് പതിവ്. തിരിച്ചുപോകാനുള്ള പണം അവര്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കണം. ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലേക്കും ഇവര്‍ തിരിച്ചയക്കപ്പെടാം. 
സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പോകുന്നവര്‍ക്ക് പരമാവധി ആറു മാസം വരെ റീ എന്‍ട്രി ലഭിക്കാറുണ്ട്. റീ എന്‍ട്രിയില്‍ പോയി തിരിച്ചുവരാത്തവര്‍ അതേ തൊഴിലുടമയുടെ വിസയില്‍ ഏതു സമയത്തും തിരിച്ചുവരാം. എന്നാല്‍ മറ്റൊരു തൊഴിലുടമയുടെ വിസയില്‍ സൗദിയിലേക്ക് തിരിച്ചുവരണമെന്നുണ്ടെങ്കില്‍ റീ എന്‍ട്രിയുടെ കാലാവധി അവസാനിച്ച് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കണം. ഇതാണ് വ്യവസ്ഥ. അഥവാ റീ എന്‍ട്രി വിസയുടെ കാലാവധി അവസാനിച്ച് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇമിഗ്രേഷന്‍ സിസ്റ്റങ്ങളില്‍ നിന്ന് അവരുടെ പ്രവേശന വിലക്ക് നീങ്ങുകയുള്ളൂ. റീ എന്‍ട്രിയില്‍പോയി മടങ്ങിവരാത്ത ഫാമിലികള്‍ക്ക് ഈ നിയമം ബാധകമല്ല. റീ എന്‍ട്രി കാലാവധി പരിശോധിക്കാന്‍ ജവാസാത്തിന്റെ മുഖീം പോര്‍ട്ടലില്‍ സൗദിയില്‍ വെച്ചും നാട്ടില്‍ വെച്ചും പരിശോധിക്കാന്‍ സൗകര്യമുണ്ട്.
എന്നാല്‍ കോവിഡ് കാലത്ത് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് കൃത്യമായ വിമാനസര്‍വീസുകളും മറ്റും ഇല്ലാത്തതിനാല്‍ തിരിച്ചുവരാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ രാജകാരുണ്യമെന്ന നിലക്ക് അവരുടെ റീ എന്‍ട്രിയുടെയും ഇഖാമയുടെയും കാലാവധി ദീര്‍ഘിപ്പിച്ചു ലഭിച്ചിരുന്നു. ഇനി പ്രവാസ ജീവിതത്തിലേക്ക് ഇല്ലെന്ന് പറഞ്ഞുപോയവരും ഈ ആനുകൂല്യങ്ങളുടെ പരിധിയിലുള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരാരും ഇഖാമയോ റീ എന്‍ട്രിയോ സമയം നീട്ടി നല്‍കിയത് പരിശോധിച്ചിരുന്നില്ല. കോവിഡ് കഴിഞ്ഞപ്പോഴാണ് അവരില്‍ ഭൂരിഭാഗം പേരും സൗദിയിലേക്ക് പുതിയ വിസയില്‍ വരാന്‍ ശ്രമം തുടങ്ങിയത്. രണ്ട് മാസം മുതല്‍ ആറു മാസം വരെയായിരുന്നു അവര്‍ക്ക് അന്ന് തൊഴിലുടമകള്‍ നിന്ന് റീ എന്‍ട്രി ലഭിച്ചിരുന്നത്. ഈ കാലയളവ് കണക്കുകൂട്ടിയാണ് അവരെല്ലാം ഇപ്പോള്‍ പുതിയ വിസയില്‍ വരുന്നതും വിമാനത്താവളങ്ങളില്‍ കുടുങ്ങുന്നതും.
കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി പറഞ്ഞത് റീ എന്‍ട്രി കാലാവധി കഴിഞ്ഞ ശേഷമാണ് പുതിയ വിസയെടുത്തത് എന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ റീ എന്‍ട്രി കാലാവധി പരിശോധിച്ചപ്പോള്‍ ഇനിയും രണ്ടര മാസം കഴിഞ്ഞാല്‍ മാത്രമേ മൂന്നു വര്‍ഷമെന്ന കാലാവധി പൂര്‍ത്തിയാവുകയുള്ളൂ. 2019 ഡിസംബറിലാണ് ഇദ്ദേഹം ആറു മാസത്തെ അഥവാ 180 ദിവസത്തെ റീ എന്‍ട്രിക്ക് നാട്ടില്‍ പോയത്. തിരിച്ചുവരവിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ പുതിയ വിസയെടുത്ത് റിയാദിലേക്ക് വരികയായിരുന്നു. ഇദ്ദേഹത്തിന്റെ റീ എന്‍ട്രി കാലാവധി പരിശോധിച്ചപ്പോള്‍ മൊത്തം 300 ദിവസമുണ്ടായിരുന്നു. നാലു മാസം ഇദ്ദേഹത്തിന് രാജകാരുണ്യം വഴി റീ സമയം നീട്ടി ലഭിച്ചിരുന്നു. അഥവാ 2020 ഓഗസറ്റ് വരെ റീ എന്‍ട്രി കാലാവധിയുണ്ടായിരുന്നു. ഇത് ഇദ്ദേഹം അറിഞ്ഞിരുന്നില്ല. ഇത് പരിശോധിക്കാതെയാണ് പുതിയ വിസയില്‍ റിയാദില്‍ എത്തിയതും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കപ്പെട്ടതും. 
അവധിക്ക് പോയി മടങ്ങി വരാത്തവര്‍ റീ എന്‍ട്രി കാലാവധി കൃത്യമായി പരിശോധിച്ച് മൂന്നു വര്‍ഷത്തിലധികം സമയം കഴിഞ്ഞതിന് ശേഷമേ സൗദിയിലേക്ക് മറ്റു തൊഴിലുടമകളുടെ വിസകളില്‍ തിരിച്ചെത്താവൂവെന്നും ഇത് പാലിക്കാതെ എത്തുന്നതിനാല്‍ വിമാനത്താവളങ്ങളില്‍ നിന്ന് മടക്കിഅയക്കുന്നത് നിത്യസംഭവമായിരിക്കുന്നുവെന്നും നിരവധി പേരുടെ വിഷയത്തില്‍ ഇടപെട്ട റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് വൈസ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയവളപ്പ് പറഞ്ഞു.

Latest News