മലപ്പുറം- സമസ്തയും മുസ്ലിം ലീഗും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ടെന്നും അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ദാറുല് ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്സലറും സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ കേന്ദ്ര മുശാവറ അംഗവുമായ ഡോ. ബഹാവുദ്ദീൻ നദ് വി. സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശ്വാസപരമായ വെല്ലുവിളികൾ അതിജീവിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുക എന്നത് മാത്രമാണ് സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്ന രീതിയിൽ സമീപകാലത്തായി ചിലർ പ്രചാരണം നടത്തുന്നുണ്ടെന്നും തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണിതെന്നും അദ്ദേഹം പറഞ്ഞു. 1934-ൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ഭരണഘടനയിൽ പ്രതിപാദിച്ച അഞ്ചു ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണത്. ആദർശ സംരക്ഷണം മാത്രമാണ് സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്ന് പ്രചരിപ്പിക്കുന്നവർ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ദുർവ്യാഖ്യാനം നടത്തുകയാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നേതാക്കന്മാരിലും സാരഥികളിലും ആരും തന്നെ നിരീശ്വരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചങ്ങാത്തം പുലർത്തുന്ന, സൗഹൃദം സൂചിപ്പിക്കുന്ന ഒരു വാക്കു പോലും എവിടെയും സംസാരിച്ചതായി കാണാൻ സാധിക്കില്ല എന്നതാണ് ഇതുവരെയുള്ള ചരിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറിപ്പ് വായിക്കാം;
ഇന്ന് ദുൽഹിജ്ജ 14.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ എന്ന മഹത്തായ പണ്ഡിത സഭ രൂപീകൃതമായിട്ട് ഇന്നേക്ക് നൂറു വർഷം തികയുകയാണ്.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഹിജ്റ കലണ്ടറനുസരിച്ചാണ് തങ്ങളുടെ മതപരമായ ചടങ്ങുകൾ ആചരിക്കേണ്ടതും സ്മരണീയ ദിനങ്ങൾ ഓർക്കേണ്ടതും. ചാന്ദ്ര വർഷമനുസരിച്ചു കാലഗണന നടത്തണമെന്നാണല്ലോ ഖുർആനികാധ്യാപനം.
'ചന്ദ്രക്കലകളെപ്പറ്റി താങ്കളോടവർ ചോദിക്കുന്നു. ഇങ്ങനെ പ്രസ്താവിക്കുക: ആളുകളുടെ ആവശ്യങ്ങൾക്കും ഹജ്ജ് കർമങ്ങൾക്കും സമയനിർണയം നടത്താനുള്ളതാണവ (വി:ഖു-2:189 )' എന്ന സൂക്തത്തിന്റെ താൽപര്യവും അതാണ്.
ഒരു ബലി പെരുന്നാൾ അവധിയിൽ ദർസ് നിർത്തി നാട്ടിലെത്തിയ അന്നത്തെ മഹാന്മാരായ പണ്ഡിതന്മാരും സാദാത്തുമാരും ചേർന്നാണ് 1344 ദുൽഹിജ്ജ 14 - ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്ക് രൂപം നൽകിയത്.
കേരളീയ മുസ്ലിംകളുടെ സവിശേഷമായ മത-ധാർമിക-സാംസ്കാരിക-ആധ്യാത്മിക പുരോഗതികൾക്ക് ദിശാബോധവും മാർഗ ദർശനവും നൽകുക എന്നതാണ് സമസ്തയുടെ സ്ഥാപിത ലക്ഷ്യം.
സമസ്ത രൂപീകരണത്തിനു മുൻപേ കേരളീയ മുസ് ലിംകളുടെ സാംസ്കാരിക വ്യക്തിത്വം, നൂറ്റാണ്ടുകളിലൂടെ കടന്നു പോന്ന സ്വഹാബികൾ, താബിഈങ്ങൾ, അവരുടെ പിൻഗാമികൾ,പൂർവ്വികന്മാരായ പണ്ഡിതന്മാർ, സാദാത്തുമാർ, മാർഗദർശികൾ, ഔലിയാക്കൾ, ആരിഫീങ്ങൾ തുടങ്ങിയ ശ്രേഷ്ഠ വ്യക്തിത്വങ്ങളിലൂടെ ഇവിടെ രൂപപ്പെടുത്തപ്പെട്ടു കഴിഞ്ഞിരുന്നു.
മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങൾ, അദ്ദേഹത്തിന്റെ പ്രതിഭാധനനായ പുത്രൻ സയ്യിദ് ഫദ്ൽ പൂക്കോയ തങ്ങൾ, അവരുടെ ശൈഖുമാർ, മുരീദുമാർ, ആ പാത കണിശമായി പിൻപറ്റിയ സാധാരണ ജനങ്ങൾ, വിവിധ രാഷ്ട്രങ്ങളിൽ നിന്നു വന്ന സയ്യിദ് വംശജർ, വിശിഷ്യ, ഒന്നര നൂറ്റാണ്ടു മുമ്പ് തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ മഹാരഥന്മാർ എന്നിവരിലൂടെയാണ് ഇസ്ലാമിക സംസ്കൃതി ഇവിടെ പുഷ്കലമായത്.
എന്നാൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ രൂപീകരണത്തിലൂടെ കേരളീയ മുസ്ലിംകൾ പവിത്രമായി തുടർന്നുവന്നിരുന്ന മതകീയ ശ്രേണിക്ക് ഒരു ഏകീകൃത ഭാവം ലഭിക്കുകയായിരുന്നു എന്നതാണ് വസ്തുത.
വാർഷിക സമ്മേളനങ്ങൾ, മതപ്രഭാഷണ പരമ്പരകൾ, വെള്ളിയാഴ്ച്ചകളിൽ പള്ളികളിൽ നടത്തപ്പെട്ടിരുന്ന മതപഠന ക്ലാസുകൾ, വിശേഷ ദിനങ്ങളിലെ ബോധവത്കരണങ്ങൾ എന്നിവയിലൂടെയാണ് ആദ്യ കാൽ നൂറ്റാണ്ടുകാലം സമസ്ത അതിന്റെ മത വിദ്യാഭ്യാസ പ്രസരണം നടത്തിയത്.
പിന്നീട്, 1951 -ൽ സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകൃതമായി.
ക്രമീകൃതമായ ക്ലാസ് രീതികളും
വ്യവസ്ഥാപിതമായ പാഠ്യ പദ്ധതികളും പാഠ പുസ്തകങ്ങളും തയ്യാറാക്കി മദ്റസാ
സംവിധാനം വ്യാപകമാക്കുക എന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതി മുതൽ സമസ്ത ഫോക്കസ് ചെയ്ത സവിശേഷമായ മേഖല.
സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളാണ് സമസ്തയുടെ മദ്റസാ സംവിധാനത്തിന് ബീജാവാപം നൽകിയത്.
1945 -ൽ കാര്യവട്ടത്ത് നടന്ന സമസ്ത സമ്മേളനത്തിൽ അദ്ദേഹം സമൂഹത്തിന്റെ ഗൗരവ ശ്രദ്ധ മതവിദ്യാഭ്യാസത്തിലേക്കു തിരിച്ചു. രാജ്യം സ്വാതന്ത്ര്യത്തിലേക്കടുക്കുകയാണെന്നും, സെക്കുലർ രാജ്യമായി രൂപീകൃതമാവുന്ന ഇന്ത്യയിൽ മുൻ കാലങ്ങളിലേതു പോലെ മതവിദ്യാഭ്യാസം, സർക്കാർ പാഠശാലകൾ വഴി നടത്താൻ സാധിക്കില്ലെന്നും അതിനാൽ ബദൽ സംവിധാനം ആസൂത്രണം ചെയ്യണമെന്നും, അന്ന് സമുദായ മധ്യേ ദീർഘവീക്ഷണത്തോടെ തങ്ങൾ ഉണർത്തി.
തദനുസൃതമായി 1951 -ലെ വടകര സമ്മേളനത്തിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് രൂപീകൃതമാവുന്നത്.
സുന്നി യുവജന സംഘം, ജംഇയ്യത്തുൽ മുഅല്ലിമീൻ തുടങ്ങിയ കീഴ്ഘടകങ്ങളെല്ലാം ക്രമേണ രൂപീകൃതമായി. നിലവിൽ വിവിധ മേഖലകളിലായി പതിനഞ്ചോളം പോഷക ഘടകങ്ങൾ സമസ്തക്കു കീഴിൽ പ്രവർത്തിക്കുന്നു.
മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും ഊന്നൽ നൽകണമെന്നു സമസതയുടെ ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംകളുടെ ഭൗതിക നിലനിൽപ്പിനാവശ്യമായ കാര്യങ്ങൾ ചെയ്യാനും സമൂഹമെന്ന നിലക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും സമസ്തക്കു ബാധ്യതയുണ്ടെന്ന് സാരം.
വിശ്വാസപരമായ വെല്ലുവിളികൾ അതിജീവിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുക എന്നത് അതിൽ ഒന്ന് മാത്രമാണ്. എന്നാൽ, ഇതുമാത്രമാണ് സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്ന രീതിയിൽ സമീപകാലത്തായി ചിലർ പ്രചാരണം നടത്തുന്നുണ്ട്.
തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണത്. 1934-ൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ഭരണഘടനയിൽ പ്രതിപാദിച്ച അഞ്ചു ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണത്. ആദർശ സംരംക്ഷണം മാത്രമാണ് സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്ന് പ്രചരിപ്പിക്കുന്നവർ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ദുർവ്യാഖ്യാനം നടത്തുകയാണ്.
കേരളീയ മുസ്ലിംകളുടെ മതകീയ പശ്ചാത്തലങ്ങളിൽ സമുന്നതവും പവിത്രവുമായ ആദരം നൽകപ്പെട്ടിരുന്ന സാദാത്തുമാരുടെ ഇടപെടൽ വഴിയാണ് സമസ്തക്കു സമൂഹത്തിൽ കൂടുതൽ ജനപ്രീതി ലഭിച്ചത്.
സമസ്തയുടെ സ്ഥാപിത കാലത്ത് വലിയ സൽപ്പേരും ജനഹൃദയങ്ങളിൽ സ്വാധീനമുള്ള വ്യക്തിത്വമായിരുന്നു വരക്കൽ മുല്ലക്കോയ തങ്ങൾ.
കോഴിക്കോട്ടെ അറിയപ്പെട്ട കച്ചവടക്കാരനും സമൂഹ മധ്യേ സുസമ്മതനുമായിരുന്നു അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ സമസ്തയുമായി അവിച്ഛേദ്യ
ബന്ധം കാത്തു സൂക്ഷിച്ചവരും സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന അധ്യക്ഷനുമായിരുന്നു.
സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ എന്നിവരൊക്കെ മുസ്ലിം ലീഗുകാരായതിനാൽ സമസ്തയും മുസ്ലിം ലീഗും തമ്മിൽ ഇഴ ചേർന്ന സൗഹൃദാന്തരീക്ഷമുണ്ടായി.
മഹാന്മാരായ കെ.സി ജമാലുദ്ദീൻ മുസ്ലിയാർ, കെ.വി മുഹമ്മദ് മുസ്ലിയാർ കൂറ്റനാട്, കെ.ടി മാനു മുസ്ലിയാർ, അത്തിപ്പറ്റ മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ തുടങ്ങിയ ധാരാളം പണ്ഡിത ശ്രേഷ്ഠർ മുസ്ലിം ലീഗുമായി കൈകോർത്തു പ്രവർത്തിച്ചവരായിരുന്നു. സ്വൂഫീവര്യനും ആധ്യാത്മിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മൗലാനാ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരാണ് ഒരിക്കൽ കോഴിക്കോട്ട് നടന്ന ലീഗിന്റെ മഹാ സമ്മേളനത്തിൽ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചത്. ഉസ്താദ് ശംസുൽ ഉലമാ ഇ.കെ അബൂബക്ർ മുസ്ലിയാരുടെ,
മുസ്ലിം ലീഗിന്റെ ഓഫീസുകളൊക്കെ സുന്നികളുടെ ഓഫീസാണെന്ന കോഴിക്കോട്ടെ പ്രസംഗം അറിയാത്തവരായി ആരുമുണ്ടാകില്ല.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ നേതാക്കന്മാരിലും സാരഥികളിലും ആരും തന്നെ നിരീശ്വരവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ചങ്ങാത്തം പുലർത്തുന്ന, സൗഹൃദം സൂചിപ്പിക്കുന്ന ഒരു വാക്കു പോലും എവിടെയും സംസാരിച്ചതായി കാണാൻ സാധിക്കില്ല എന്നതാണ് ഇതുവരെയുള്ള ചരിത്രം.
ഇക്കാലമത്രയും സമസ്തയും മുസ്ലിം ലീഗും ഏക മനസ്കമായി പ്രവർത്തിച്ചതിനാലാണ് കേരളത്തിൽ മുസ്ലിംകൾക്ക് സവിശേഷമായ അസ്തിത്വ വികസനമുണ്ടായത് എന്ന വസ്തുത നാം വിസ്മരിച്ച് കൂടാ. സംഘടനക്കകത്ത് ലീഗ് - പാണക്കാട് വിരോധവും ആദർശ ക്ഷയവും പറഞ്ഞ് ചിലർ രംഗത്ത് വന്നെങ്കിലും 1989-ൽ നേതൃത്വം അവരെ പുറത്തേക്കിട്ടു.
മുസ്ലിം സമുദായത്തിന്റെ ഇനിയുള്ള പുരോഗതിക്കും ഈയൊരു സാഹചര്യം നിലനിൽക്കേണ്ടതുണ്ട്. അത്തരത്തിൽ സമുദായത്തിന് ദീർഘ കാലം മാർഗ ദർശനം നൽകാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്ക് സർവശക്തൻ തുടർന്നും അവസരം സൃഷ്ടിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.