- കമ്പ്യൂട്ടർ, ലാപ്‌ടോപ്, മൊബൈൽ എന്നിവ പിടിച്ചെടുത്തു
കൊച്ചി - ഷാജൻ സ്‌കറിയയുടെ നേതൃത്വത്തിലുള്ള മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ കൊച്ചിയിലെ ഓഫീസ് ഉൾപ്പെടെ വിവിധ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്താനും പി.വി ശ്രീനിജൻ എം.എൽ.എയ്ക്ക് എതിരായ വാർത്തയുടെ ഉറവിടം കണ്ടെത്താനുമാണ് പരിശോധനയെന്നാണ് പോലീസ് പറഞ്ഞത്.
കൊച്ചിയിലെ ഓഫീസിലെ പോലീസ് റെയ്ഡ് ഏറെക്കുറെ പൂർത്തിയായെന്നാണ് വിവരം. ഇവിടെനിന്ന് കമ്പ്യൂട്ടർ, ലാപ്‌ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷം മാത്രമേ മൊബൈൽ അടക്കം തിരിച്ച് നൽകുകയുള്ളൂവെന്നാണ് പോലീസ് നിലപാട്.
തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്ന് രാവിലെ പോലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘവും പരിശോധന നടത്തിയിരുന്നു. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായാണ് വിവരം. എന്നാൽ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പോലീസ് പറഞ്ഞു. ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യ ഹർജികളെല്ലാം വിവിധ കോടതികൾ തള്ളുകയും അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ ഷാജൻ സ്‌കറിയ ഒളിവിൽ കഴിയുകയാണ്.