തിരുവനന്തപുരം- സഹ്യാദ്രിയിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങൾ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ംംം.സലൃമഹമീtuൃശാെ.ീൃഴ/ിലലഹമസൗൃശിഷശ എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജൂലൈ മുതൽ ഒക്‌ടോബർ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവയടക്കം മൂന്നാർ മലനിരകളെ നീല പരവതാനിയാക്കുന്ന ദൃശ്യത്തിന്റെ നിശ്ചല ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള വിശദമായ വിവരങ്ങളാണ് മൈക്രോസൈറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ മാർഗമധ്യേയുള്ള പ്രധാന ആകർഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നീലക്കുറിഞ്ഞിയുടെ പ്രത്യേകതകളും അവ പൂക്കുന്ന സ്ഥലത്തെക്കുറിച്ചുമെല്ലാം വിശദമായി മനസ്സിലാക്കാൻ സൈറ്റ് ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളെ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിലും സംസ്ഥാനത്തിന്റെ പരിസ്ഥിതിക പ്രത്യേകതകൾ മനസ്സിലാക്കുന്നതിനും സൈറ്റ് ഉപകരിക്കും. വന്യജീവി ഫോട്ടോഗ്രഫർമാർ, ശാസ്ത്രജ്ഞർ, പ്രകൃതി സ്‌നേഹികൾ, യാത്രാ സ്‌നേഹികൾ എന്നിവരുടെ സംഭാവനകളിലൂടെയാണ് സൈറ്റ് പൂർണതയിലെത്തിച്ചത്.
നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള 21 പേജ് ഇ ബ്രോഷറും സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വേഗത്തിൽ ഡൗൺലോഡ് ചെയ്ത് ഇത് വാട്‌സ് ആപ്പിലൂടെയടക്കം കൈമാറാനാവും. 1982, 1994, 2006 എന്നീ വർഷങ്ങളിൽ നീലക്കുറിഞ്ഞി പൂത്തപ്പോഴുള്ള ചിത്രങ്ങൾ സൈറ്റിലുണ്ട്. ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരൺ എന്നിവർ സന്നിഹിതരായിരുന്നു.