തൃശ്ശൂര്‍-വ്യാജലഹരിക്കേസില്‍ പ്രതിയായി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഫോണില്‍ വിളിച്ചു ഖേദം പ്രകടിപ്പിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കാനിടയായതിലും അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടിലും വേദനയുണ്ടെന്ന് മന്ത്രി പറഞ്ഞു. കോടതി കേസ് പരിഗണിക്കുമ്പോള്‍ നിരപരാധിയാണെന്ന് അറിയിക്കുമെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം ഷീലയ്ക്ക് ഉറപ്പുനല്‍കി. ഇനി പ്രയാസങ്ങളൊന്നുമുണ്ടാവില്ലെന്ന് മന്ത്രി ആശ്വസിപ്പിച്ചതായും വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ഷീല പ്രതികരിച്ചു.
സംഭവത്തില്‍ ഷീല സണ്ണിയെ അറസ്റ്റ് ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന കെ. സതീശനെതിരേയാണ് നടപടി. ഡിറ്റക്ടിങ് ഇന്‍സ്‌പെക്ടറായ സതീശന് ഗുരുതര വീഴ്ചയുണ്ടായതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എക്‌സൈസ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നതിനിടെ ഈ ഉദ്യോഗസ്ഥനെ മലപ്പുറം റേഞ്ച് ഓഫീസിലേക്ക് മാറ്റിയിരുന്നു. ഷീലയുടെ കൈവശം എല്‍.എസ്.ഡി.യുണ്ടെന്ന വാട്‌സാപ്പ് കാള്‍ ലഭിച്ചത് സതീശന്റെ ഔദ്യോഗിക ഫോണിലാണ്. എന്നാല്‍, ഇത് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സതീശന്‍ തയ്യാറായില്ലെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. എല്‍.എസ്.ഡി. കണ്ടെടുത്ത സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മഹസറുമായി ചേര്‍ന്നുപോവുന്നതല്ലെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.