കൊല്ലം-നീറ്റ് പരീക്ഷാഫലത്തില്‍ കൃത്രിമം കാട്ടി തുടര്‍ പഠനത്തിനു ശ്രമിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ പിടിയില്‍. ഡി.വൈ.എഫ്.ഐ. മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കല്‍ ഏരിയ കോ-ഓര്‍ഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാന്‍ മന്‍സിലില്‍ സെമിഖാനാണ് (21) തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായത്.
2021-22 നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാതിരുന്ന സെമിഖാന്‍ സ്‌കോര്‍ ഷീറ്റില്‍ കൂടുതല്‍ മാര്‍ക്കും ഉയര്‍ന്ന റാങ്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കി. നീറ്റ് പരീക്ഷയില്‍ 468 മാര്‍ക്കുണ്ടന്നും തുടര്‍പഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും കാട്ടി സെമിഖാന്‍ തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സംഭവത്തില്‍ റൂറല്‍ എസ്.പി. നേരിട്ട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു.
പോലീസ് സൈബര്‍ സെല്‍ വിഭാഗവും ചിതറ പോലീസും നടത്തിയ അന്വേഷണത്തിലാണ് സെമിഖാന്‍ തട്ടിപ്പു നടത്തിയതായി കണ്ടെത്തിയത്. യഥാര്‍ഥത്തില്‍ 16 മാര്‍ക്കാണ് ഇയാള്‍ക്ക് കിട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒരുദിവസം നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനുമൊടുവിലാണ് സെമിഖാനെ അറസ്റ്റ് ചെയ്തത്. ചിതറ എസ്.എച്ച്.ഒ. എം.രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതി റിമാന്‍ഡ് ചെയ്ത സെമിഖാനെ കൂടുതല്‍ ചോദ്യംചെയ്യാനായി ഇന്നു പോലീസ് കസ്റ്റഡിയില്‍ വാങ്ങും.