തിരുവനന്തപുരം- ഫ്‌ളൈ ബസിന് പിന്നാലെ യാത്രക്കാരെ ആകർഷിക്കാൻ ചിൽ ബസുമായി കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയ പാതയിലൂടെയും എം.സി. റോ ഡിലൂടെയും ഒരു മണിക്കൂർ ഇടവേളകളിൽ ശീതീകരിച്ച ആധുനിക ബസുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ചിൽ ബസ്.
തിരുവനന്തപുരത്തുനിന്ന് ഓരോ അര മണിക്കൂർ ഇടവിട്ട് എറണാകുളത്തേക്ക് എൻ.എച്ചിലൂടേയും എം.സി റോഡിലൂടേയും എ.സി ബസ് ഓടിക്കും. സമാന രീതിയിൽ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും. ഈ ബസിൽ യാത്ര ചെയ്ത് തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തുന്നവർക്ക് വടക്കോട്ട് യാത്ര തുടരാൻ അവിടെനിന്നു എല്ലാ അര മണിക്കൂറിലും കോഴിക്കോട്ടേക്ക് ബസ് സർവീസ്. കോഴിക്കോട്‌നിന്ന് കാസർകോട്ടേക്കും പാലക്കാട്ടേക്കും എ.സി യാത്ര. ഇത്തരത്തിൽ കേരളത്തിന്റെ ബസ് റൂട്ടിനെ മൂന്ന് മേഖലകളായി തിരിച്ച് എല്ലാ ഭാഗത്തേക്കും എല്ലായ്‌പ്പോഴും എ.സി ബസ് യാത്ര ഉറപ്പാക്കുന്ന പദ്ധതിയാണ് ചിൽ ബസ് സർവീസുകൾ.
കാസർകോട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സ്വകാര്യ ബസ് ഉടമകൾ തിരുവനന്തപുരത്തേക്ക് എ.സി സർവീസുകൾ നടത്തുന്നുണ്ട്. കോഴിക്കോട്‌നിന്ന് തിരുവനന്തപുരത്തേക്ക് എണ്ണൂറു മുതൽ 1500 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ദീർഘദൂര സർവീസുകൾ സജീവമാക്കി കെ.എസ്.ആർ.ടി.സിയുടെ വരുമാനം കുത്തനെ ഉയർത്താനുള്ള തച്ചങ്കരിയുടെ പദ്ധതി.
പുതിയ പദ്ധതിക്കായി പുതിയ ബസുകളൊന്നും വാങ്ങാൻ ഇപ്പോൾ ആലോചനയില്ല. കെ.എസ്.ആർ.ടി.സിക്ക് ഇപ്പോൾ തന്നെ 250 ഓളം എ.സി ബസുകളുണ്ട്. തോന്നുംപടി തോന്നുന്ന റൂട്ടിൽ ഓടുകയാണ് ഇവയെല്ലാം. ഇത് ശാസ്ത്രീയമായി ക്രമീകരിച്ചും ഗാരേജിൽ കിടക്കുന്ന എ.സി ബസുകൾ നന്നാക്കിയെടുത്തുമാണ് ചിൽ പദ്ധതിയുടെ ഭാഗമാക്കുക. അതുകൊണ്ട് വലിയ അധിക ചെലവൊന്നും ഈ പദ്ധതിയിലൂടെ വരുന്നതുമില്ല.
ദീർഘദൂര സർവീസുകളിലൂടെ മാത്രമേ കെ.എസ്.ആർ.ടി.സിക്ക് വരുമാനം ഉയർത്താനാകൂ. ഇത് മനസ്സിലാക്കിയാണ് പദ്ധതി. തിരുവനന്തപുരത്തുനിന്ന് രാവിലെ അഞ്ച് മുതൽ രാത്രി പത്ത് വരെ ഓരോ അര മണിക്കൂറിലും എ.സി സർവീസുണ്ടാകും. രാത്രി പത്ത് കഴിഞ്ഞാൽ പുലർച്ചെ അഞ്ച് വരെ ഇത് രണ്ട് മണിക്കൂറിൽ ഒരിക്കൽ എന്ന നിലയിലാകും. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട്ട്‌നിന്ന് കാസർകോട്ടേക്കും ഇതേ രീതിയിൽ തന്നെയാകും സമയക്രമം. കോഴിക്കോട്ട്‌നിന്ന് പാലക്കാട്ടേക്കും ഈ സമയക്രമത്തിൽ ബസുണ്ടാകും. എറണാകുളത്ത്‌നിന്ന് മൂന്നാറിലേക്കും എറണാകുളത്ത് നിന്ന് കുമളിയിലേക്കും ഇതേ ചിൽ സർവ്വീസ് എല്ലായ്‌പ്പോഴും ഉണ്ടാകും. ഇതിലൂടെ കേരളത്തെ മുഴുവൻ കണക്ട് ചെയ്യുന്ന സർവ്വീസായി ചിൽ ബസുകൾ മാറും.
തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ നാലര മണിക്കൂറിൽ എ.സി ബസുകൾ ഓടിയെത്തും. ഉടൻ തിരിച്ചും മടങ്ങും. അതിനാൽ ഡ്രൈവർക്കും കണ്ടക്ടർക്കും 9 മണിക്കൂറിലധികം ബസ് ഓടിക്കേണ്ടി വരുന്നില്ല. അതുകൊണ്ട് ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി നൽകേണ്ടിയും വരില്ല. ഡബിൾ ഡ്യൂട്ടി പരമാവധി സിംഗിൾ ഡ്യൂട്ടിയാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് നാലര മണിക്കൂർ ദൈർഘ്യത്തിലോടുന്ന തരത്തിലുള്ള വിഭജനം.