Sorry, you need to enable JavaScript to visit this website.

യുവാക്കളെ ഭൂതക്കണ്ണാടിയില്‍നിന്ന് മോചിപ്പിക്കണം; അല്ലെങ്കില്‍ നാടുവിടും

തിരുവനന്തപുരം- കേരളത്തിലുളള പത്തില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളും യുവാക്കളും കേരളത്തിന് പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് തങ്ങള്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയതായി മുരളി തുമ്മാരുക്കുടി. ഉന്നത വിദ്യാഭ്യാസം തേടി മാത്രമല്ല, കൂടുതല്‍ സ്വാതന്ത്ര്യം തേടിയാണ് യുവാക്കള്‍ പുറത്തേക്ക് പോകുന്നതെന്ന് മുരളി പറയുന്നു. നമ്മുടെ കുട്ടികളെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ചങ്ങലകളില്‍നിന്ന് മോചിപ്പിക്കണമെന്നും പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാനും മാതാപിതാക്കളുടെ വീടിന് പുറത്ത് താമസിക്കാനുമുളള സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ പഠനത്തിനിടയ്ക്ക് ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് താമസിക്കാനായി ഓരോ നഗരത്തിലും ചുരുങ്ങിയ വാടകയ്ക്ക് വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടാകണം, നമ്മുടെ നഗരങ്ങള്‍ പകലും രാത്രിയും സജീവമാകണം. യുവാക്കളുടെ പുറകെ, സദാചാരം, മയക്കുമരുന്ന്, എന്നൊക്കെ പറഞ്ഞ് വീട്ടുകാരും നാട്ടുകാരും പോലീസും പോകുന്നത് നിര്‍ത്തണം. യുവാക്കളെ കെട്ടുപാടുകളില്‍നിന്ന് മോചിപ്പിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്ന സമൂഹം അവര്‍ തന്നെ നിര്‍മ്മിച്ചെടുക്കും- മുരളി തുമ്മാരുക്കുടി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് വായിക്കാം

കേരളം, വിദ്യാഭ്യാസം, തൊഴില്‍, സ്വാതന്ത്ര്യം

കേരളത്തെ പറ്റി പറയുകയും എഴുതുകയും ഒക്കെ ചെയ്യുമ്പോള്‍ ഇപ്പോള്‍ ഒരു നെഗറ്റിവിറ്റി കടന്നു വരുന്നുണ്ടോ എന്ന് പലര്‍ക്കും സംശയം. ചിലര്‍ അതിന് രാഷ്ട്രീയ മാനങ്ങള്‍ കാണുന്നു. സംശയിക്കേണ്ട !

കഴിഞ്ഞ മാസം ഞങ്ങള്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടത് ഇപ്പോള്‍ കേരളത്തില്‍ ഉള്ള  പത്തില്‍ ഒമ്പത്  വിദ്യാര്‍ത്ഥികളും യുവാക്കളും കേരളത്തിന് പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നു എന്നതാണ്. ഡെമോഗ്രഫി ഈസ് ഡെസ്ടിനി എന്നാണ്. നമ്മുടെ യുവാക്കള്‍ ഒക്കെ പുറത്തേക്ക് പോകുന്ന ഒരു സാഹചര്യം മുന്‍കൂട്ടി  കാണുന്ന ഒരാള്‍ക്ക് പോസിറ്റിവ് ആകാന്‍ കഴിയില്ല. ഇതിന് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുകയാണ് വേണ്ടത് എന്ന് ചിലര്‍ ചിന്തിക്കുന്നു. ഇതാണ് എന്നെ വിഷമിപ്പിക്കുന്നത്. ശരിയായ രോഗ നിര്‍ണ്ണയം ഇല്ല, തെറ്റായ ചികിത്സയാണ്.

നമ്മുടെ വിദ്യാഭ്യാസ രംഗം ഉടച്ചു വാര്‍ക്കേണ്ടത് തന്നെയാണ്. പക്ഷെ ഉന്നതമായ വിദ്യാഭ്യാസം തേടി മാത്രമല്ല നമ്മുടെ വിദ്യാര്‍ഥികള്‍ പോകുന്നത്. കൂടുതല്‍ സ്വാതന്ത്ര്യം തേടിയിട്ട് കൂടിയാണ്. വൈകീട്ട് ഏഴുമണിയാകുമ്പോള്‍ ഹോസ്റ്റല്‍ അടച്ചിടുന്ന 'ഏറ്റവും ഉന്നതമായ' കോളേജ് ഉണ്ടെങ്കിലും ആ വിഷയത്തിന് പരിഹാരമാകില്ല. നമ്മുടെ കുട്ടികളെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ചങ്ങലകളില്‍ നിന്നും ഭൂതക്കണ്ണാടിയില്‍ നിന്നും മോചിപ്പിക്കണം. പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ ചെയ്യാനും മാതാപിതാക്കളുടെ  വീടിന് പുറത്ത് താമസിക്കാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം.

കേരളത്തില്‍ പഠനത്തിനിടക്ക് തൊഴില്‍ ചെയ്യുന്ന  യുവാക്കള്‍ക്ക് താമസിക്കാന്‍ വേണ്ടി ഓരോ നഗരത്തിലും ചുരുങ്ങിയ വാടകക്ക്  ആയിരക്കണക്കിന് വണ്‍ ബെഡ് റൂം അപ്പാര്‍ട്‌മെന്റുകള്‍ ഉണ്ടാകണം. നമ്മുടെ നഗരങ്ങള്‍ പകലും രാത്രിയും സജീവമാക്കണം.യുവാക്കളുടെ പുറകെ സദാചാരം, മയക്കു മരുന്ന് എന്നൊക്കെ പറഞ്ഞു വീട്ടുകാരും, നാട്ടുകാരും പോലീസും പോകുന്നത് നിറുത്തണം.യുവാക്കളെ കെട്ടുപാടുകളില്‍ നിന്നും മോചിപ്പിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്ന ഒരു സമൂഹം അവര്‍ ഇവിടെ തന്നെ നിര്‍മ്മിച്ചെടുക്കും. സാമ്പത്തിക സാഹചര്യം ഉള്ളവര്‍ പോലും സ്വാതന്ത്ര്യത്തിന് വേണ്ടി നാട് വിടുന്നത് നില്‍ക്കും.

രണ്ടാമത് കൂടുതല്‍ ശമ്പളം തേടിയാണ് നമ്മുടെ കുട്ടികള്‍ പോകുന്നത്. കേരളത്തിലെ  ഐ ഐ ടി യില്‍ നിന്നും പാസ്സാകുന്നവര്‍ക്ക് പോലും  പതിനായിരം രൂപ മാസം കിട്ടുന്ന ഒരു ജോലി കൊടുക്കാന്‍ ഇല്ലെങ്കില്‍ എങ്ങനെയാണ് അവര്‍ ഇവിടെ നില്‍ക്കുന്നത്?

കേരളത്തില്‍ ഇന്ന് ഒരു പ്രൊഫഷണല്‍ ബിരുദധാരിക്ക്  സര്‍ക്കാരിന് പുറത്ത് കിട്ടുന്ന ശാരാശരി ശമ്പളം വച്ച് ജോലി ചെയ്താല്‍  അവരുടെ ആയുഷ്‌ക്കാലത്ത് ഒരു വീട് ഉണ്ടാക്കാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ അവര്‍ക്ക് മാതാപിതാക്കളുടെ സമ്പാദ്യത്തെ  ആശ്രയിക്കേണ്ടി വരും, അപ്പോള്‍ യുവാക്കളുടെ  ജീവിതത്തില്‍ അവര്‍ ഇടപെടും. വിവാഹം കഴിഞ്ഞാലും അവര്‍ക്ക് മാറിത്താമസിക്കാന്‍ പറ്റുന്നില്ല. ആളുകള്‍ വിവാഹം തന്നെ വെറുക്കുന്ന സാഹചര്യമാകും.

ഇതിന് നമ്മുടെ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ പ്രൊഡക്ടീവ് ആകണം. ടെക്‌നീഷ്യന്‍ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക്  മാസം അമ്പതിനായിരം രൂപയും പ്രൊഫഷണല്‍ ആയവര്‍ക്ക്  ഒരു മാസം ഒരു ലക്ഷം രൂപയെങ്കിലും ശമ്പളം കിട്ടുന്ന ജോലികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകണം. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഇപ്പോള്‍ ലോകത്ത് നിലനില്‍ക്കുന്ന സാങ്കേതിക വിദ്യകള്‍ കൊണ്ടുവന്നാല്‍ തന്നെ ഇത് സാധ്യമാകും. കേരളത്തില്‍ നിന്നുള്ള ഏറെ ആളുകള്‍ പുറത്തേക്ക് പോകുന്നതും പുറത്തുള്ള ആളുകള്‍ തിരിച്ചു വരുന്നതും ഇക്കാര്യം എളുപ്പമാക്കും.എന്നാല്‍ മാത്രമേ ഒരു ശരാശരി മധ്യവര്‍ഗ്ഗ ജീവിതം എങ്കിലും കേരളത്തില്‍ ജോലി ചെയ്ത് കെട്ടിപ്പടുക്കാന്‍ സാധിക്കും എന്നൊരു ചിന്ത നമ്മുടെ യുവാക്കളില്‍ ഉണ്ടാകൂ.

ഇങ്ങനെയൊന്നും ഒരു ചിന്ത ഒരിടത്തും കാണുന്നില്ല. ഇതാണ് എന്നെ വിഷമിപ്പിക്കുന്നത്.

 

Latest News