തൃശൂർ- വിയ്യൂർ സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസറിന്റെ നേതൃത്വത്തിൽ ലഹരി ബിസിനസ് നടക്കുന്നുവെന്ന ആരോപണത്തിന്മേൽ പോലീസ് അന്വേഷണം തുടങ്ങി. ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ വൻതോതിൽ ബീഡിക്കച്ചവടം നടത്തുന്നുവെന്നാണ് റിപ്പോർട്ട്. സാക്ഷി മൊഴി സഹിതം ഡി.ജി.പിക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ പോലീസ് അന്വേഷണം തുടങ്ങി. പ്രിസൺ ഓഫിസറിന്റെ ഭാര്യയ്ക്ക് ഗൂഗിൾ പേ വഴിയും ബീഡിയുടെ പ്രതിഫലം നൽകാറുണ്ടെന്ന് തടവുകാരൻ മൊഴി നൽകിയിട്ടുണ്ട്. മുൻപും പരാതി ഉയർന്നതിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ലഹരിക്കച്ചവടം നടത്തിയത്.
മാവേലിക്കര സബ്ജയിൽ ലഹരി വില്പന നടത്തിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനാണ് വിയ്യൂർ ജയിലിൽ തടവുകാർക്കിടയിൽ ബീഡി കച്ചവടം നടത്തിയതെന്നാണ് ജയിൽ സൂപ്രണ്ട് ജയിൽ വകുപ്പധ്യക്ഷനു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അടുക്കളയ്ക്കു പിന്നിൽ പണിക്കിറക്കിയശേഷം തിരികെ സെല്ലിലെത്തിച്ച തടവുകാരന്റെ കയ്യിൽനിന്ന് 12 പാക്കറ്റ് ബീഡിയടങ്ങുന്ന കെട്ട് പിടിച്ചിരുന്നു. വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
90 പൈസ വിലയുള്ള ഒരു ബീഡിക്ക് 10 രൂപയോളമാണ് അസി.പ്രിസൺ ഓഫിസർ ഈടാക്കിയിരുന്നത്. 22 ബീഡി വീതമാണ് ഓരോ പാക്കറ്റിലുള്ളത്. ഇത്തരം 12 പാക്കറ്റുകൾ ഉൾപ്പെടുന്നതാണ് ഒരു കെട്ട്. ഓരോ കെട്ടിനും 2500 രൂപ വീതമാണ് ഉദ്യോഗസ്ഥന്റെ നിരക്ക്. 400 രൂപയാണു കെട്ടിന്റെ ശരാശരി വിപണിവില. ജയിലിന്റെ പുറംമതിലിനോടു ചേർന്നുള്ള അടുക്കളയുടെ പിൻഭാഗത്തേക്കു റോഡിൽനിന്നു അസി. പ്രിസൺ ഓഫിസർ ബീഡിക്കെട്ട് ഉള്ളിലേക്ക് എറിയുകയാണ് പതിവ്. ഈ ബീഡിക്കെട്ടുകൾ ശേഖരിക്കുന്ന തടവുകാർ അത് 3000 രൂപയ്ക്ക് മറിച്ചു വിൽക്കും. കമ്മീഷൻ കീഴിലുള്ള വിൽപ്പന തുക പണമായും ഗൂഗിൾ പേ വഴിയും ആണ് ഉദ്യോഗസ്ഥന് നൽകിയിരുന്നത്. അസി. പ്രിസൺ ഓഫിസറുടെ ഭാര്യയ്ക്കു ഗൂഗിൾ പേ വഴി ബീഡിയുടെ പ്രതിഫലം നൽകിയിട്ടുണ്ടെന്നും തടവുകാരൻ മൊഴി നൽകി. മൊബൈൽ ഫോണും ലഹരിവസ്തുക്കളും നിരന്തരമായി ജയിലിനുള്ളിലേക്കു പ്രവഹിക്കുന്നതിനു പിന്നിൽ ജീവനക്കാരിൽ ചിലർക്കു പങ്കുണ്ടെന്നു നേരത്തേതന്നെ വിവരമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ട്. ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കോടതി അനുമതിയോടെ തടവുകാരെ ചോദ്യം ചെയ്ത മൊഴി ഉറപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തുടർന്നാകും കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.