ഇടുക്കി- ഉപ്പുതറയിലെ ആദിവാസി യുവാവിനെ കാട്ടിറച്ചി കടത്തിയെന്ന് കള്ളക്കേസെടുത്ത് ജയിലിൽ അടച്ച സംഭവത്തിൽ മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസറടക്കം രണ്ടുപേർ അറസ്റ്റിൽ. ഓട്ടോറിക്ഷ ഡ്രൈവർ ഉപ്പുതറ കണ്ണംപടി കുടിയിൽ പുത്തൻപുരയ്ക്കൻ സരുൺ സജിയെ ജയിലിൽ അടച്ച കേസിലെ ഒന്നാം പ്രതി മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി. അനിൽകുമാർ, രണ്ടാം പ്രതി കിഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി .സി ലെനിൻ എന്നിവരാണ് അറസ്റ്റിലായത്. ലെനിനെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പോലീസ് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. പിന്നാലെ അനിൽകുമാർ ഉപ്പുതറ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒന്നാം പ്രതി വി. അനിൽകുമാറിന് മുഖ്യമന്ത്രിയുടെ മെഡൽ മൂന്നു തവണയും ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിട്ടുണ്ട്. ഇതടക്കം 1800 കേസുകൾ ഇയാൾ പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ഈ കേസുകളിൽ പാതിയും കെട്ടിച്ചമച്ചതും നിരപരാധികളെ കുടുക്കിയതുമാണെന്നാണ് ആരോപണം. ഈ വിഷയത്തിൽ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
അവാർഡും സ്ഥാനക്കയറ്റവും ലഭിക്കാനായി ഒന്നാം പ്രതിയാണ് കേസ് മെനഞ്ഞതെന്നാണ് പോലീസ് നൽകുന്ന വിവരം.
പതിമൂന്ന് വനപാലകർക്കെതിരെയാണ് ഉപ്പുതറ പോലീസ് കേസെടുത്തിരിക്കുന്നത്. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ അടക്കം 7 പേരാണ് ഇതിൽ സ്ഥിരം ജീവനക്കാർ. ശേഷിക്കുന്ന 5 താൽക്കാലിക ജീവനക്കാരിൽ രണ്ട് പേർക്ക് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. വി. അനിൽ കുമാർ, വി. സി ലെനിൻ എന്നിവരുടെയും മൂന്നാം പ്രതി ജിമ്മി ജോർജിന്റെയും ജാമ്യ ഹരജി ഹൈക്കോടതി തളളിയിരുന്നു. ജിമ്മി പിടിയിലാകാനുണ്ട്. മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ, വനംവകുപ്പ് ഉദ്യോഗസ്ഥൻ ഷിജിരാജ് എന്നിവരെയും അടുത്ത ദിവസം അറസ്റ്റ് ചെയ്യും. നാല് മുതൽ ഏഴുവരെ പ്രതികളും വനംവകുപ്പ് വാച്ചർമാരുമായ കെ. എൻ മോഹനൻ, കെ. ടി ജയകുമാർ, കെ. എൻ സന്തോഷ്, കെ. എസ് ഗോപാലകൃഷ്ണൻ, ടി. കെ ലീലാമണി എന്നിവരോട് 15 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്. പോലീസ് നടപടി ഇഴഞ്ഞു നീങ്ങിയ കേസിന് വേഗത വന്നത് ഹൈക്കോടതി ഇടപെടലിലാണ്. സ്വന്തമായി വക്കീലിനെ വച്ചാണ് സജിയുടെ നിർധന കുടുംബം കേസ് നടത്തിയത്.വൈകിയാണെങ്കിലും നീതി കിട്ടിയതിൽ സന്തോഷമെന്ന് സരുൺ സജി പ്രതികരിച്ചു.
സരുണിനെ വനംവകുപ്പ് സംഘം 2022 സെപ്റ്റംബർ 20ന് വിളിച്ചുവരുത്തി വാഹനത്തിൽ കാട്ടിറച്ചി വച്ചാണ് പിടികൂടിയത്. യുവാവിനെ പ്രതികൾ ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് 10 ദിവസം ജയിലിൽ കിടന്നു. കണ്ണംപടി ആദിവാസി സംയുക്ത സമരസമിതി പ്രതിഷേധം സംഘടിപ്പിക്കുകയും ബന്ധുക്കൾ നിരാഹാരം കിടക്കുകയും ചെയ്തു. പിന്നാലെ കോട്ടയം വനംവകുപ്പ് ഇന്റലിജൻസ് ആന്റ് ഇവാലുവേഷൻ സി.സി.എഫ് ഒക്ടോബർ 26ന് നടത്തിയ അന്വേഷണത്തിൽ സംഭവം കള്ളക്കേസെന്ന് കണ്ടെത്തി. യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും മൊഴി പോലും എടുക്കാൻ തയ്യാറായില്ല. ഒന്നരമാസത്തോളം നീണ്ട പരിശ്രമത്തിന് ശേഷം സംസ്ഥാന ഗോത്രവർഗ കമ്മീഷൻ ഇടപെട്ടതോടെ ഡിസംബർ അഞ്ചിനാണ് കേസെടുക്കുന്നത്.
പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ അടക്കം ചുമത്തിയായിരുന്നു കേസ്.
കഴിഞ്ഞ 29നാണ് ഹൈക്കോടതി അറസ്റ്റിന് അനുമതി നൽകിയത്. ഇതിനിടെ വന്ന ലാബ് പരിശോധന ഫലത്തിൽ പശു ഇറച്ചിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വനംമന്ത്രി നേരിട്ടെത്തി ഏപ്രിൽ 27ന് കേസ് റദ്ദാക്കിയതായി അറിയിച്ചു. എന്നിട്ടും നീതി ലഭിക്കാതെ വന്നതോടെ മെയ് 25ന് സരുൺ കിഴുകാനം ഫോറസ്റ്റ് ഓഫീസിന് മുന്നിലെ പ്ലാവിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. അഞ്ച് മണിക്കൂറിന് ശേഷം, നടപടിയുണ്ടാകുമെന്ന ഉറപ്പ് വന്നതോടെയാണ് താഴെ ഇറങ്ങിയത്.