മക്ക- വിശുദ്ധ ഹജിനുശേഷം നാടുകളിലേക്ക് മടങ്ങാനൊരുങ്ങുന്ന തീര്‍ഥാടകര്‍ മക്ക വിപണിയെ സജീവമാക്കി. കൊറോണ പകര്‍ച്ചവ്യാധിയുടെ ഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്തംഭനാവസ്ഥയിലായിരുന്ന മക്കയിലെ എല്ലാ വ്യാപാര മേഖലകളും അഭൂതപൂര്‍വമായ വീണ്ടെടുക്കലിനാണ് സാക്ഷ്യം വഹിക്കുന്നത്. നാടുകളിലേക്ക് മടങ്ങുന്ന ഹാജിമാര്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നല്‍കുന്നതിനായി സമ്മാനങ്ങള്‍ വാങ്ങിയാണ് മടങ്ങുക.
തങ്ങളുടെ നാടുകളെ അപേക്ഷിച്ച് വിലക്കുറവുണ്ടെന്നാണ് ഇറാഖ്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ അഭിപ്രായപ്പെടുന്നത്. ആവശ്യമായ എന്തു സാധനവും ലഭ്യമാണെന്നതും മക്കയിലെ ഷോപ്പിംഗ് ഹാജിമാര്‍ക്ക് പ്രിയങ്കരമാക്കുന്നു.
ഹജ് ആരംഭിക്കുന്നതിനു മുമ്പ് മക്കയിലെ വ്യാപാര കേന്ദ്രങ്ങള്‍ സജീവമായി തുടങ്ങിയിരുന്നു. എല്ലാ സമയത്തും നല്ല തിരക്കാണുണ്ടായിരുന്നത്. അത് ഹജ് കഴിഞ്ഞതോടെ പാരമ്യതയിലെത്തിയെന്നു മാത്രം. ഹജ് സീസണിലെ കച്ചവടമാണ് മക്കയിലെ വ്യാപാരികളുടെ പ്രധാന പ്രതീക്ഷ. മൂന്നു വര്‍ഷത്തോളം അപ്രത്യക്ഷമായ തിരക്കാണ് ഇപ്പോള്‍ ഈ ഹജ് സീസണില്‍ പൂര്‍ണതോതിലായിരിക്കുന്നത്.