Sorry, you need to enable JavaScript to visit this website.

ഹജ് സേവനം പൂർത്തിയാക്കി തനിമ വളണ്ടിയർമാർ മടങ്ങി

തനിമ ജിദ്ദ ഹജ് വളണ്ടിയർമാർ മിനായിൽ സേവനത്തിൽ. 

ജിദ്ദ- ഹജിന്റെ പുണ്യദിനങ്ങളിൽ അല്ലാഹുവിന്റെ അതിഥികൾക്ക് സേവനം അനുഷ്ഠിച്ച് തനിമ വളണ്ടിയർമാർ മടങ്ങി. മക്കയ്ക്ക് പുറമേ ജിദ്ദ, റിയാദ്, ദമാം, യാമ്പു, മദീന, തബൂക്ക്, ഖമീസ് മുശൈത്ത് തുടങ്ങി സൗദിയിലെ വിവിധ നഗരങ്ങളിൽ നിന്നും നാനൂറിലധികം പേരാണ് ഇത്തവണ വളണ്ടിയർ സേവനത്തിന് തനിമയുടെ കീഴിൽ സേവന സജ്ജരായി 
രംഗത്തുണ്ടായിരുന്നത്. 
ഇരുപതിലധികം ടീമുകൾ വിവിധ ഷിഫ്റ്റുകളിലായാണ് അറഫയിലും മുസ്ദലിഫയിലും മിനായിലും ജംറയിലും ഹാജിമാർക്ക് സേവനം ചെയ്തത്. പതിനായിരത്തോളം ഹാജിമാർക്ക് വിവിധങ്ങളായ സേവനങ്ങൾ ലഭ്യമാക്കിയതായി തനിമയുടെ ലീഡേഴ്സ് പറഞ്ഞു. വഴിതെറ്റിയ ഹാജിമാർക്ക് വഴി കാണിക്കൽ, മിനായിലെ ടെന്റുകളിലെത്തിക്കൽ, അസീസിയയിലുള്ള താമസ സ്ഥലത്ത് എത്തിക്കൽ, പ്രയാസമനുഭവിച്ചവരെ ഹോസ്പിറ്റലിലെത്തിക്കൽ തുടങ്ങിയവയായിരുന്നു പ്രധാന സേവന പ്രവർത്തനങ്ങൾ. കൂടാതെ അമ്പതിനായിരത്തിലധികം പേർക്ക് കുടിവെള്ളവും ഇരുപതിനായിരം പേർക്ക് കഞ്ഞി വിതരണവും നടത്തിയതായി ടീം ക്യാപ്റ്റന്മാർ അറിയിച്ചു. 
ഇരുനൂറ്റി അമ്പതിലധികം വീൽചെയറുകൾ സേവനങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തി. മക്കയിലെ അസീസിയയിൽ താമസിച്ചാണ് വളണ്ടിയർമാർ ഹജ് സേവനത്തിനുള്ള ഏകോപനം നിർവഹിച്ചത്. സേവനത്തിന് തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് നജ്മുദ്ദീൻ അമ്പലങ്ങാടൻ, കേന്ദ്ര ഹജ് വളണ്ടിയർ കോഡിനേറ്റർ സി.എച്ച് ബഷീർ, കൺവീനർ കുട്ടിമുഹമ്മദ്, ജനറൽ ക്യാപ്റ്റൻ മുനീർ ഇബ്റാഹിം, അബ്ദുൽ ഹക്കീം, ഷാനിദ് അലി, കബീർ മുഹമ്മദുണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. 
മിനായിലെ ഹജ് സേവനത്തിന് പരിസമാപ്തി കുറിച്ച്, അസീസിയ ക്യാമ്പിൽ നടന്ന സമാപന സംഗമത്തിന് മുനീർ ഇബ്റാഹിം നേതൃത്വം നൽകി. സി.എച്ച് ബഷീർ അധ്യക്ഷ പ്രഭാഷണം നടത്തി. വിവിധ ഗ്രൂപ്പ് ലീഡർമാരും വണ്ടിയർമാരും അവരുടെ സേവന അനുഭവങ്ങൾ പങ്കുവെച്ചു. മക്കയിൽ നിന്നും സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്ന വനിതാ വളണ്ടിയർമാരെ പ്രത്യേകം അഭിനന്ദിച്ചു. സഫറുല്ല മുല്ലോളി സമാപന പ്രസംഗം നിർവഹിച്ചു. കുട്ടി മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞു. ആഷിഖ് മുഹമ്മദ്  ഖിറാഅത്ത് നടത്തി.
മക്കയിലെ ഹജ് സേവനങ്ങൾ അവസാനിച്ചിട്ടില്ലെന്നും മക്കയിലെ തനിമ വളണ്ടിയർമാർ ഹറമിലും പരിസര പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ഹാജിമാർക്ക് ആവശ്യമായ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുമെന്നും, മുഴുവൻ ഹാജിമാരും മക്കയിൽ നിന്നും പോകുന്നതു വരെ സേവനം തുടരുമെന്നും പ്രൊവിൻസ് പ്രസിഡന്റ് നജ്മുദ്ദീൻ അമ്പലങ്ങാടൻ അറിയിച്ചു.

Latest News