Sorry, you need to enable JavaScript to visit this website.

പുണ്യനഗരിയിൽ കർമനിരതരായി 'ഐവ' വളണ്ടിയർമാർ മടങ്ങി

'ഐവ' വളണ്ടിയർമാർ ഹജ് സേവനത്തിന് ശേഷം മക്കയിൽനിന്ന് മടങ്ങുന്നു.

മക്ക- ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) വളണ്ടിയർമാർ ഹജ് സേവനത്തിന് ശേഷം മക്കയിൽനിന്ന് മടങ്ങി. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നതിലെ പുണ്യം മനസ്സിലാക്കി ജിദ്ദയിലെ പത്തിലധികം സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ വളണ്ടിയർമാർ ഹജിന്റെ പുണ്യ സ്ഥലങ്ങളിൽ വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങളിൽ വനിതാ വളണ്ടിയർമാർ അടക്കം സജീവമായി സേവന രംഗത്തിറങ്ങി.
അറഫാ ദിനത്തിന്റെ തലേദിവസം തന്നെ മക്കയിലെ 'ഐവ' വളണ്ടിയർമാർ അറഫയിൽ സജീവമായിരുന്നു. ഹജിന് മുമ്പ് മക്കയിൽ മരണപ്പെട്ട കേരള ഹാജിമാരുടെ ജനാസ മറവു ചെയ്യുന്നതിലും 'ഐവ' വളണ്ടിയർമാർ സാധ്യമായ സഹായങ്ങൾ ചെയ്തിരുന്നു. ഹാജിമാർ കൂട്ടമായി എത്തിച്ചേരുന്ന ഏരിയകളായ ജംറകൾ, മുത്തവ്വിഫുമാരുടെ തമ്പുകൾ, മിനയിലെ പ്രധാന നഗരികളിലെ ജംഗ്ഷനുകൾ, ആശുപത്രികൾ തുടങ്ങിയ ഭാഗങ്ങളിൽ വളണ്ടിയർ ക്യാപ്റ്റൻ റിദുവാൻ അലി, ഫൈസൽ അരിപ്ര, ഷറഫുദ്ദീൻ മേപ്പാടി എന്നിവരുടെ നേതൃത്വത്തിലാണ് വളണ്ടിയർ സേവനം സജീവമാക്കിയത്.  
ഹജിന് മുമ്പ് അസീസിയ താമസ കേന്ദ്രങ്ങളിൽ ഭക്ഷണക്കിറ്റുകൾ, പച്ചക്കറി കിറ്റുകൾ എന്നിവയും ഹജിന്റെ മൂന്ന് ദിവസങ്ങളിൽ കുടിവെള്ളം, പഴ ജൂസുകൾ, റിഫ്രഷ്‌മെന്റ് കിറ്റ് തുടങ്ങിയവ ആയിരക്കണക്കിനു ഹാജിമാർക്ക് വിതരണം നടത്തി. ഹാരിസ് കരുവമ്പൊയിൽ, ഷഹീൻ തിരുവനന്തപുരം, ഇബ്രാഹീം, അബൂബക്കർ വടക്കാങ്ങര, മെഹബൂബ് എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്.   
രോഗികളെ ആശുപത്രികളിലെത്തിക്കാനും അവശരായവരെ അവരുടെ തമ്പുകളിൽ എത്തിക്കാനും ശംസുദ്ധീൻ കരുവാരക്കുണ്ട് എം.എ.ആർ, ലിയാഖത്ത് കോട്ട തുടങ്ങിയവരുടെ കീഴിലുള്ള വളണ്ടിയർമാർ വീൽചെയർ സേവനവും യഹിയ മേലാറ്റൂർ, ഹനീഫ പറക്കല്ലിൽ എന്നിവർ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള മരുന്നുകളും സൗജന്യമായി ലഭ്യമാക്കി. മിനയുടെയും അസീസിയയുടെയും ലൊക്കേഷൻ മാപ്പുകളുടെ സഹായത്തോടെ, വഴിയറിയാതെ പ്രയാസപ്പെടുന്ന ഹാജിമാരെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇസ്മായിൽ ചെമ്മങ്കടവ്, ശിഹാബ് ചവറ, അമാനുല്ല പൊന്നാനി, നാസർ പറപ്പൂർ  എന്നിവരുടെ കീഴിലുള്ള വളണ്ടിയർമാർക്ക് കൃത്യമായി നിർവഹിക്കാൻ സാധിച്ചു.
അസീസിയയിൽ സജ്ജമാക്കിയ വളണ്ടിയർ ക്യാമ്പ് ഇൻ-ചാർജ്  അൻവർ വടക്കാങ്ങരയുടെ നേതൃത്വത്തിൽ ജരീർ വേങ്ങര (രജിസ്‌ട്രേഷൻ), നൗഷാദ് ഓച്ചിറ (ഭക്ഷണം), ജാഫർ ചെങ്ങാനി, കരീം മഞ്ചേരി, നജ്മുദ്ധീൻ, ഹനീഫ ബെരിക്ക (ലോജിസ്റ്റിക്ക്) തുടങ്ങിയ വകുപ്പുകളുടെ ഉത്തരവാദിത്തം നിർവഹിച്ചു.
ഇന്ത്യയിൽ നിന്നും ഹാജിമാരുടെ വരവ് തുടങ്ങിയത് മുതൽ ജിദ്ദ എയർപോർട്ടിലും അസീസിയ താമസ കേന്ദ്രങ്ങളിലും 'ഐവ' വളണ്ടിയർമാർ രംഗത്തിറങ്ങിയ പോലെ അവർ തിരിച്ചുപോകുന്ന  ദിവസങ്ങളിലും സേവന പ്രവർത്തനങ്ങൾ തുടരുന്നതാണ്. സലാഹ് കരാടൻ, നാസർ ചാവക്കാട്, ദിലീപ് താമരക്കുളം, അബ്ബാസ് ചെങ്ങാനി എന്നിവർ ഹജ് സർവീസ് ഓപ്പറേഷന് മേൽനോട്ടം വഹിച്ചു.


 

Latest News