Sorry, you need to enable JavaScript to visit this website.

ആവർത്തിക്കപ്പെടുന്ന മതനിന്ദ ഒറ്റപ്പെട്ടതല്ലെന്ന് ഒ.ഐ.സി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം

ജിദ്ദയിൽ ചേർന്ന ഒ.ഐ.സി ഉന്നതാധികാര യോഗത്തിൽ നിന്ന്. 

ജിദ്ദ- ഇസ്‌ലാം മതത്തിനും പരിശുദ്ധ ഖുർആനിനും പ്രവാചകനുമെതിരിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ആവർത്തിച്ചു വരുന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും സാധാരണ കാണപ്പെടാറുള്ള ഒറ്റപ്പെട്ട ഇസ്‌ലാമോഫോബിയയുടെ ഭാഗമല്ലെന്നും അത്തരക്കാർക്കെതിരിൽ കർശന നടപടികളെടുക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണമെന്നും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) ജനറൽ സെക്രട്ടറി ഹുസൈൻ ഇബ്‌റാഹിം ത്വാഹ അഭ്യർഥിച്ചു. സീഡനിൽ പരിശുദ്ധ ഖുർആനിനെ മലിനമാക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത അടിയന്തര ഒ.ഐ.സി ഉന്നതാധികാര സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സെക്രട്ടറി ജനറൽ. ഒ.ഐ.സിയുടെ അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യയുടെ ആവശ്യ പ്രകാരമാണ് ഇന്നലെ യോഗം വിളിച്ചത്. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം ബലി പെരുന്നാൾ ആഘോഷിക്കുന്ന സമയത്തു തന്നെ ഇത്തരം നീച പ്രവൃത്തികളുമായി വരുന്നതിനെതിരെ അംഗ രാജ്യങ്ങൾ ശക്തമായ നിലപാടു സ്വീകരിക്കണം. വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക, മതചിഹ്നങ്ങളെയും പ്രവാചകന്മാരെയും പരിഹസിക്കുക തുടങ്ങിയവയെല്ലാം കുറ്റകൃത്യങ്ങളായി പരിഗണിക്കുന്ന തരത്തിൽ നിയമനിർമാണം നടത്തണമെന്ന് ഐക്യ രാഷ്ട്ര സംഘടനയോട് ശക്തമായി അഭ്യർഥിക്കുവാനും അംഗരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. 


ബലിപെരുന്നാൾ ദിനത്തിലാണ് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിലെ സെൻട്രൽ മസ്ജിദിനു മുന്നിൽ ഇറാഖി വംശജനായ ഒരാൾ, പ്രാർഥനക്ക് വന്ന വിശ്വാസികൾക്കുമുന്നിൽ വെച്ച് ഖുർആൻ പിച്ചിച്ചീന്തുകയും കത്തിക്കുകയും ചെയ്തത്. മസ്ജിദിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്താൻ ഇയാൾക്ക് പോലീസ് അനുമതി നൽകിയിരുന്നു. എന്നാൽ സംഭവത്തിനുശേഷം ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. പ്രതിഷേധത്തിന്റെ മറവിൽ ഖുർആൻ കത്തിച്ച് ഒരു വിഭാഗത്തിനെതിരായ കലാപത്തിന് ശ്രമിച്ചതിന്റെ പേരിലായിരുന്നു കേസ്.
സംഭവത്തിനു പിന്നാലെ ലോകത്തെമ്പാടും വലിയ പ്രതിഷേധമാണുയർന്നത്. സൗദി അറേബ്യ അടക്കമുള്ള ജി.സി.സി രാജ്യങ്ങളും സ്വീഡനോട് പ്രതിഷേധം അറിയിച്ചു. അമേരിക്കയും സംഭവത്തെ അപലപിച്ചു. ബഗ്ദാദിലെ സ്വീഡിഷ് എംബസി കോമ്പൗണ്ടിൽ ഒരു സംഘം ഇരച്ചുകയറി പ്രതിഷേധം രേഖപ്പെടുത്തി.
 

Latest News