മക്ക- സഹസ്രാബ്ദങ്ങളായി മക്കയിൽ മാത്രം ലഭ്യമായ മൂന്ന് ജോലികളുണ്ട്. അതി പുരാതനമെങ്കിലും ലോകത്തെവിടെയും അതു ലഭിക്കുകയുമില്ല. കഅബയിലേക്കുള്ള ഹാജിമാരുടെ തീർഥാടനത്തോടെ രൂപപ്പെട്ടു വന്നതാണ് ഈ മൂന്ന് ജോലികളും. സമാസിമ, സദാന, ത്വവാഫ എന്നിവയാണ് കാലചക്രത്തിന്റെ അനിസൂതമായ പ്രവാഹത്തിനിടയിലും പരിശുദ്ധ മക്കയിൽ രൂപപ്പെടുകയും നിലനിൽക്കുകയും ചെയ്യുന്ന മൂന്ന് തൊഴിലുകൾ.
സമാസിമ- മക്കയിലെ മൂന്ന് ജോലികളിൽ ഏറ്റവും ശ്രമകരമായ ജോലിയായിരുന്നു ഇവരുടേത്. പുണ്യനഗരത്തിലെത്തുന്ന ജനലക്ഷങ്ങൾക്ക് സംസം വെള്ളം നൽകുന്ന ജോലിയാണിത്, പരമ്പരാഗത ബക്കറ്റുകളുപയോഗിച്ച് കോരിയെടുക്കുന്ന സംസം തീർത്ഥ ജലം പുരാതന കാലത്ത് തോൽ പാത്രങ്ങളിലായിരുന്നു ശേഖരിച്ചു വിതരണം ചെയ്തിരുന്നതെങ്കിൽ ഇന്ന് അത് ആധുനിക കണ്ടെയ്‌നറുകളിലേക്കും സംസം ബോട്ടിലിംഗ് ഫാക്ടറിയിലേക്കുമെത്തി നിൽക്കുകയാണ്. ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയിൽ 24 മണിക്കൂറും ജോലി ചെയ്യുന്നത്.
സദാന- 5000 വർഷം മുമ്പ് പ്രവാചകനായ ഇബ്രാഹിം നബിയോട് കഅ്ബ പുനരുദ്ധരിച്ച് പരിപാലിക്കാൻ കൽപിച്ചതു മുതൽ ആരംഭിച്ച ഈ ജോലി മക്കയിലെ ബനൂശൈബ ഗോത്രക്കാർക്ക് കൈമാറിക്കിട്ടുകയായിരുന്നു. പരിശുദ്ധ കഅ്ബ തുറക്കുകയും അടക്കുകയും ചെയ്യുക, താക്കോൽ സൂക്ഷിക്കുക, വസ്ത്രമണിയിപ്പിക്കുക, വൃത്തിയാക്കുക തുടങ്ങിയ ജോലിയെല്ലാം സദാനയുടെ ഭാഗമാണ്. മക്ക കീഴടക്കിയപ്പോൾ ബനൂശൈബ ഗോത്രക്കാരെ തന്നെ ആ ജോലി പ്രവാചകൻ മുഹമ്മദ് നബി ഏൽപിക്കുകയായിരുന്നു. നൂറു കണക്കിനു തൊഴിലാളികൾ ജോലി ചെയ്യുന്ന കോടിക്കണക്കിനു റിയാലിന്റെ ചെലവുവരുന്ന കഅ്ബയുടെ കിസ്‌വ നിർമാണ ഫാക്ടറി ഇതിന്റെ ഭാഗമായാണ് മക്കയിൽ പ്രവർത്തിക്കുന്നത്. രാജ കൽപനക്കനുസരിച്ച് കഅ്ബയുടെ വാതിലുകൾ തുറക്കുന്നതും അടക്കുന്നതും ഇപ്പോഴും ബനൂശൈബക്കാരുടെ പിൻതലമുറക്കാർ തന്നെയാണ്.
ത്വവാഫ- ത്വവാഫ എന്നാൽ ത്വവാഫ് ചെയ്യിപ്പിക്കുന്നവർ എന്നാണർത്ഥം. പുരാതന കാലത്ത് വഞ്ചികളിലും പായക്കപ്പലുകളിലും ജിദ്ദ തുറമുഖത്തെത്തിയിരുന്ന പതിനായിരങ്ങളെ സുരക്ഷിതരായി കഅ്ബയിലേക്കെത്തിച്ച് ശരിയായ രൂപത്തിൽ കർമങ്ങൾ ചെയ്യാൻ സഹായിക്കുകയും ഹാജിമാർക്കും സന്ദർശകർക്കും താമസമൊരുക്കുകയും ചെയ്യുന്നതുമെല്ലാം ത്വവാഫക്കാരായിരുന്നു. പതിനായിരക്കണക്കിനാളുകൾ തൊഴിലെടുക്കുന്ന ത്വവാഫ എക്‌സറ്റാബ്ലിഷ്‌മെന്റ് (മുത്തവ്വിഫുമാർ) ഹജ് കമ്പനികൾ എന്നിവവയെല്ലാം ത്വവാഫയുടെ ഭാഗമായി വരുന്നതാണ്. പുണ്യസ്ഥലങ്ങളിലേക്ക് ഹാജിമാരെ കൊണ്ടു പോകുക, ജംറകളിലെത്തിച്ച് ഹാജിമാരെ കല്ലെറിയാൻ സഹായിക്കുക തുടങ്ങിയവയെല്ലാം ത്വവാഫക്കാരുടെ ജോലിയാണ്.