തിരുവനന്തപുരം- കൈതോലപ്പായ വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി.ശക്തിധരന്റെ കള്ളപ്രചരണങ്ങൾക്ക് മറുപടി പറയാൻ സി.പി.എമ്മില്ലന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ല- എം.വി.ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഏക സിവിൽ കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സി.പി.എം സെമിനാർ സംഘടിപ്പിക്കും. വർഗീയ വാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും. സിവിൽ കോഡിൽ കോൺഗ്രസിന്റെ നിലപാട് വിചിത്രമെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ആവശ്യത്തിന് പ്രസക്തിയില്ല. ബിആർഎം ഷെഫീറിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആർഷോ നിഖിലിനെ ന്യായീകരിച്ചത് തെറ്റാണെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സി.പി.എമ്മിനും സർക്കാരിനും എതിരെ വൻതോതിൽ കള്ള പ്രചാരണം നടക്കുകയാണെന്നും ഇതിൽ മാധ്യമങ്ങൾക്കും പങ്കുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു. കള്ളമാണെന്ന് ഉറപ്പുള്ള കാര്യം വിളിച്ച് പറയുക വാർത്തയാക്കുക ചർച്ച ചെയ്യുക ഇതാണ് ഇപ്പോൾ നടക്കുന്നത്. പുതിയ വിവാദം വരുന്നത് വരെ അതുവരെയുള്ള നുണകൾ പൊടിപ്പും തൊങ്ങലും വച്ച് പറയുന്നു. മാധ്യമ പ്രവർത്തനത്തിന്റെ നിലവാര തകർച്ചക്കെതിരെ കോടതി പോലും നിലപാടെടുക്കുന്നു. മാധ്യമങ്ങൾ പരിധി വിടുന്നതിനെതിരെ ആണ് കോടതി പരാമർശം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ മറയ്ക്കാൻ അന്യ സംസ്ഥാന മാഫിയയെ ഇറക്കുന്നു. എസ്.എഫ്.ഐക്കെതിരെ മാധ്യമ വേട്ട നടക്കുന്നു. ആർഷോക്ക് എതിരായ വാർത്ത പിൻവലിക്കേണ്ടിവന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് സംഘടനക്ക് എതിരെ ഉപയോഗിക്കുന്നു. സി.പി.എമ്മിനും സർക്കാരിനും എതിരെ പ്രചാരണത്തിന് ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങൾ പ്രവർത്തിക്കുന്നു. കാലിക്കറ്റ് സെനറ്റ് തെരഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന് കോൺഗ്രസ് വോട്ട് കിട്ടി. ഇത് കൂട്ട് കെട്ടിന്റെ തുടക്കമാണെന്നും ഗോവിന്ദൻപറഞ്ഞു.
സിവിൽ കോഡ് പ്രതിഷേധത്തിൽ സമസ്ത അടക്കം അരേയും ക്ഷണിക്കാൻ മടിയില്ല. രാഷ്ട്രീയ കൂട്ടുകെട്ടൊന്നുമല്ല, വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പോകാവുന്ന ആരേയും കൂടെ കൂട്ടും. സിവിൽ കോഡിനെതിരായ പോരാട്ടത്തിൽ രാഷ്ട്രീയത്തിന് അപ്പുറം നിലനിൽപ്പിനായുള്ള പോരാട്ടമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാകത്തിൽ ഒരു വിഷയം കണ്ടെത്തി എന്നതിനപ്പുറം ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ അവശ്യത്തിന് പ്രസക്തിയില്ല.