കൊൽക്കത്ത-ലോകകപ്പ് ഫുട്‌ബോൾ കിരീടം അർജന്റീനയുടെയും ലോക ഫുട്‌ബോളിലെ ഇതിഹാസം ലിയണല്‍ മെസിയുടെയും കൈകളിൽ എത്തിച്ചതിൽ പ്രധാന പങ്കുവഹിച്ച ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് നാളെ(തിങ്കള്‍) കൊൽക്കത്തയിൽ. രണ്ടു ദിവസമാണ് ദിബു എന്ന എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലുണ്ടാകുക. ധാക്കയിൽനിന്നാണ് ഇന്ത്യയിലേക്ക് വരുന്നത്. കൊൽക്കത്തയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്ന മാർട്ടിനസ് മോഹൻ ബഗാൻ ക്ലബ്ബും സന്ദർശിക്കും. ക്ലബ്ബിൽ മാർട്ടിനസ് സന്ദർശിക്കുന്ന വിവരം ക്ലബ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മോഹൻബഗാൻ മൈതാനത്ത് ചൊവ്വാഴ്ച വൈകിട്ട് നാലരക്കാണ് എമി എത്തുക. ഇംഗ്ലണ്ടിലെ ആംസ്റ്റർഡാമിൽനിന്നാണ് എമിലിയാനോ ധാക്കയിലേക്ക് വരുന്നത്. ധാക്കയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് തിരിക്കും. കൊൽക്കത്തയിൽ ഒരു പ്രമോഷണൽ ഇവന്റിനായാണ് എത്തുന്നത്. ലോകകപ്പ് ഫുട്‌ബോൾ കിരീടം നേടിയ ശേഷം ഇതാദ്യമായാണ് എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലേക്ക് വരുന്നത്. ഫുട്‌ബോൾ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച സത്രദു ദത്ത ആണ് എമിയുടെ വരവിന്റെയും പിറകിൽ.
1970കളിൽ പെലെയും 2008ൽ മറഡോണയും കൊൽക്കത്തയിൽ എത്തിയിരുന്നു. ദുംഗ, കഫു, ലോതർ മതേവൂസ് എന്നിവരും നേരത്തെ കൊൽക്കത്ത സന്ദർശിച്ചിട്ടുണ്ട്. ഖത്തറിൽ കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ച ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ചത് എമിലിയാനോ മാർട്ടിനെസ് ആയിരുന്നു. ഫൈനൽ അടക്കം രണ്ടു മത്സരങ്ങളിൽ അർജന്റീനയെ ഷൂട്ടൗട്ടിൽ വിജയിപ്പിച്ചത് താരത്തിന്റെ മിടുക്കായിരുന്നു. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കായി കളിക്കുകയാണ് എമിലിയാനോ മാർട്ടിനെസ്.