കോഴിക്കോട് - ഫറോക്ക് പാലത്തിന് മുകളിൽനിന്ന് യുവ ദമ്പതികൾ പുഴയിൽ ചാടിയ സംഭവത്തിൽ യുവാവിനായി തിരച്ചിൽ തുടരുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശികളായ ജിതിൻ, ഭാര്യ വർഷ എന്നിവരാണ് ഇന്ന് രാവിലെ കോഴിക്കോട് ഫറോക്കിലെ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയത്. ഇതിൽ വർഷയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതുവഴി ലോറിയിലെത്തിയ ഒരാളാണ് രണ്ടുപേർ പുഴയിൽ ചാടുന്നത് കണ്ടത്. തുടർന്ന് ഇയാൾ ഉടനെ ലോറി നിർത്തി വണ്ടിയിലുണ്ടായിരുന്ന കയർ വെളളത്തിലേക്ക് എറിഞ്ഞുനൽകുകയായിരുന്നു. മീൻ പിടിക്കുന്ന വള്ളങ്ങളും ആ സമയം പുഴയിലുണ്ടായിരുന്നതിനാൽ അവരുടെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ജിതിൻ നോക്കിനിൽക്കെ വെള്ളത്തിൽ താഴ്ന്നുപോയതിനാൽ ആ നിമിഷം രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. ചെളിയും കടുത്ത പ്രതികൂല സാഹചര്യങ്ങളിലും ജിതിനായുള്ള തിരച്ചിൽ ശക്തമായി തുടരുകയാണെന്ന് ഫയർ ഫോഴ്സ് പറഞ്ഞു.
ആറുമാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. കുടുംബപ്രശ്നത്തെ തുടർന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിപ്പോന്നതാണെന്നാണ് ബന്ധുക്കളിൽനിന്ന് ലഭിച്ച വിവരമെന്ന് ഫറോക്ക് എ.സി.പി എ.എം സിദ്ദിഖ് പറഞ്ഞു. കോസ്റ്റൽ പോലീസ്, അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്ന് ജിതിനായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.