Sorry, you need to enable JavaScript to visit this website.

സുന്നി ഐക്യത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാർ; സമസ്തയേയും പാണക്കാട് കുടുംബത്തെയും അകറ്റാൻ ശ്രമമെന്നും ജിഫ്രി തങ്ങൾ

- ഐക്യത്തിൽ കോടാലി വയ്ക്കുന്ന സമീപനം സമസ്തയിൽനിന്ന് ഉണ്ടാകില്ല

കോഴിക്കോട് - സുന്നി ഐക്യത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഐക്യ ചർച്ചകൾ മാനദണ്ഡങ്ങൾ പരിഗണിച്ചാവണം. ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തുമെന്നും ഐക്യ ചർച്ചകൾക്ക് മധ്യസ്ഥരുണ്ടായാൽ നല്ലതാണെന്നും ജിഫ്രി തങ്ങൾ മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. 
 യോജിപ്പിന്റെ വശങ്ങൾ പരസ്പരം കൂടിയാലോചിക്കണം. എല്ലാ സുന്നികളുമായും യോജിക്കണം. ഐക്യത്തിൽ കോടാലി വയ്ക്കുന്ന സമീപനം സമസ്തയിൽനിന്ന് ഉണ്ടാകില്ല. നേരത്തെയും ഐക്യചർച്ചകൾ ഉയർന്നുവന്നപ്പോൾ അതിനെ സമസ്ത സ്വാഗതം ചെയ്തിട്ടുണ്ട്. ഇരുവിഭാഗവും അതിനായി പ്രത്യേകം ആളുകളെയും ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് പല ഘട്ടങ്ങളിലായി ഇരുവിഭാഗവും തമ്മിൽ സിറ്റിങ്ങുകൾ നടക്കുകയുമുണ്ടായി. എന്നാൽ പൂർണതയിൽ എത്തിയിട്ടില്ല. ഇരുവിഭാഗവും പരസ്പരം ഇരുന്ന് ചർച്ച ചെയ്ത് ഐക്യം മുന്നോട്ടു കൊണ്ടുപോകേണ്ടതാണ്. ലയനമാണോ അതോ പൊതുവിഷയങ്ങളിലും മറ്റും യോജിച്ചുകൊണ്ടുള്ള നീക്കുപോക്കുകളാണോ എന്താണോ വേണ്ടത് ചർച്ചയിലൂടെ മാത്രമേ ലക്ഷ്യത്തിൽ എത്തിക്കാനാവൂ എന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
 സമസ്ത-സി.ഐ.സി വിഷയം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ അതേക്കുറിച്ച് പ്രതികരിക്കുന്നില്ല. സമസ്തയേയും പാണക്കാട് കുടുംബത്തെയും തമ്മിൽ അകറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം ചിലരുടെ ശ്രമങ്ങൾ മാത്രമാണ്. പാണക്കാട് മുനവ്വറലി തങ്ങൾ തന്നെ കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കി. സാദിഖലി തങ്ങളും നേരത്തെ സമസ്തക്കൊപ്പമാണെന്ന് വ്യക്തമാക്കിയതാണ്. അവരെല്ലാം എക്കാലവും സമസ്തയുടെ കൂടെ നിന്നവരാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

Latest News