തൂശൂര്‍ - ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലാ സണ്ണിയെ വ്യാജ മയക്കു മരുന്നു കേസില്‍ പെടുത്തുന്നതിനായി ഇവരുടെ ബാഗിലും കാറിലും മയക്കു മരുന്നെന്ന് തോന്നിപ്പിക്കുന്ന വസ്തു വെച്ചതായി സംശയിക്കുന്ന യുവതി ഒളിവില്‍. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന അകന്ന ബന്ധുവായ യുവതിയാണ് തന്നെ മയക്കു മരുന്ന് കേസില്‍ കുടുക്കിയതെന്ന് ഷീലാ സണ്ണി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതിക്കെതിരെ അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇവര്‍ ഒളിവില്‍ പോയതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഈ യുവതിയാണ് ഷീലാ സണ്ണിയുടെ ബാഗില്‍ എല്‍ എസ് ഡി മയക്കുമരുന്ന് ഉണ്ടെന്ന വിവരം ഇന്റര്‍നെറ്റ് കോള്‍ വഴി എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. ഉടന്‍ എക്‌സൈസ് സംഘം ഷീലാ സണ്ണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ മയക്കു മരുന്ന് കേസില്‍ 72 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തു.
എന്നാല്‍, കേസില്‍ എക്സൈസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ബാഗില്‍ നിന്നും കാറില്‍ നിന്നും കണ്ടെത്തിയത് ലഹരി മരുന്നല്ലെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് തനിക്കുനേരെയുണ്ടായത് കള്ളക്കേസാണെന്ന ആരോപണവുമായി ഷീലാ സണ്ണി രംഗത്തെത്തിയത്. ഇതേ തുടര്‍ന്നാണ് ഇവരെ കുടുക്കിയതെന്ന് സംശയിക്കുന്ന യുവതിക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഇവരെ കണ്ടെത്താനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.
അതേസമയം സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷീലാ സണ്ണി കോടതിയെ സമീപിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാനാണ് ഷീല സണ്ണിയുടെ തീരുമാനം. ലഹരി കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു. താന്‍ നേരിട്ടത് കടുത്ത അപമാനമാണെന്ന് തനിക്ക് പറയാനുള്ളത് എന്തെന്ന് പോലും കേള്‍ക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഷീലാ സണ്ണി കുറ്റപ്പെടുത്തുന്നു.