റിയാദ്- നിര്‍മിത ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നടപ്പാക്കുന്നതില്‍ സര്‍ക്കാരുകളുടെ ശുഷ്‌കാന്തിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാമതായി സൗദി അറേബ്യ. ടോര്‍ടോയ്‌സ് ഇന്റലിജന്‍സ് എന്ന സംഘടന നടത്തിയ സര്‍വേയിലാണ് ആഗോള റാങ്കിംഗില്‍ സൗദി ഒന്നാമതെത്തിയത്. ജര്‍മനിയാണ് രണ്ടാമത്. ചൈന മൂന്നാമതെത്തി.
അറുപതിലധികം രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ പരിശോധനക്ക് വിധേയമായത്. ഏഴ് സൂചകങ്ങളിലായി നൂറിലധികം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍മിത ബുദ്ധിയുടെ ആഗോള ക്ലാസിഫിക്കേഷന്‍ നടത്തിയത്. സര്‍ക്കാരുകളുടെ ശുഷ്‌കാന്തി, ഗവേഷണവും വികസനവും, മത്സരാധിഷ്ഠിത രംഗം, അടിസ്ഥാനസൗകര്യം തുടങ്ങിയ സൂചകങ്ങളാണ് പരിഗണിച്ചത്. ഇതില്‍ സര്‍ക്കാരുകളുടെ ശുഷ്‌കാന്തി എന്ന സൂചകത്തിലാണ് സൗദി അറേബ്യ ഒന്നാമതെത്തിയത്.
സര്‍വരംഗങ്ങളിലും നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ നിരവധി തന്ത്രങ്ങള്‍ക്കാണ് രൂപം നല്‍കിയത്. ഏറ്റവും ഒടുവില്‍ ഹജ് സുരക്ഷയുമായി ബന്ധപ്പെട്ടും എ.ഐ അധിഷ്ഠിത സംവിധാനങ്ങള്‍ സൗദി ഒരുക്കിയിരുന്നു. ആഗോള ക്ലാസ്സിഫിക്കേഷനില്‍ എല്ലാ സൂചകങ്ങളും പരിഗണിക്കുമ്പോള്‍ സൗദി മുപ്പത്തൊന്നാം സ്ഥാനത്താണ് എത്തിയത്.
എ.ഐ വിദഗ്ധരടങ്ങുന്ന ആഗോള ഉപദേശക ബോര്‍ഡുള്ള ആഗോള കമ്പനിയാണ് ടോര്‍ടോയ്‌സ്.