ഇടുക്കി - കാട്ടുമൃഗങ്ങളുടെ ഇറച്ചി കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി ലെനിനെയാണ് പീരുമേട് ഡി വൈ എസ് പിയുടെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇടുക്കി കണ്ണംപടി ആദിവാസി ഊരുകളിലെ സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. ഓട്ടോറിക്ഷയില്‍ കാട്ടുമൃഗങ്ങളുടെ ഇറച്ചി കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തിയെന്നാരോപിച്ച കഴിഞ്ഞ സെപ്തംബര്‍ 20നാണ് സരുണ്‍ സജിയെ കിഴുക്കാനം ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ ആര്‍ ഷിജിരാജ്, വി സി ലെനിന്‍, ഡ്രൈവര്‍ ജിമ്മി ജോസഫ് വാച്ചര്‍മാരായ കെ ടി ജയകുമാര്‍, കെ എന്‍ മോഹനന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുലും കേസിലെ പ്രതിയാണ്. തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുണ്‍ സജി എസ് സി-എസ് ടി കമ്മിഷന് പരാതി നല്‍കിയതോടെ പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തി 13 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി എസ് മാവോജി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തതും ഇപ്പോള്‍ അറസ്റ്റ് നടന്നതും.