തിരുവനന്തപുരം - വ്യാപാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു. നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ കിരണ്‍ കുമാര്‍, പൊന്‍മുടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ വിനീത് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇരുവരും നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച പോലീസ് വേഷം ധരിച്ചെത്തിയാണ് ഇവര്‍ കാട്ടാക്കടയിലെ വ്യാപാരിയായ മുജീബിനെ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കാട്ടാക്കട മാര്‍ക്കറ്റ് ജംക്ഷനില്‍ ഇലക്ട്രോണിക് കട നടത്തുന്ന മുജീബ് കടപൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് കാറില്‍ പിന്തുടര്‍ന്ന സംഘം പൂവച്ചല്‍ ജംക്ഷനു സമീപം കാര്‍ തടഞ്ഞു നിര്‍ത്തിയത്. ഇഡി ഉദ്യോഗസ്ഥരാണെന്നാണ് ഇവര്‍ മുജീബിനോട് പറഞ്ഞത്. കയ്യില്‍ തോക്കുണ്ടായിരുന്നു. വിലങ്ങിട്ടശേഷം മുജീബിനെ ഭീഷണിപ്പെടുത്തി. കാറിനുള്ളില്‍ സ്റ്റിയറിങിലും ഡ്രൈവര്‍ സീറ്റിനു മുകളിലുള്ള കൈപ്പിടിയിലുമാണ് വിലങ്ങുകൊണ്ട് മുജീബിന്റെ ഇരു കൈകളും ബന്ധിച്ചിരുന്നത്. ബഹളം വെച്ചുകൊണ്ട് മുജീബ് നിര്‍ത്താതെ ഹോണടിച്ച ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് വിലങ്ങ് അഴിച്ചത്. സിസിടിവിയും വിലങ്ങ് വാങ്ങിയ കട കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. വ്യാപാര സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ വിനീത് നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു. കടബാധ്യത തീര്‍ക്കാനാണ് വ്യാപാരിയെ തട്ടികൊണ്ടുപോയത്. ഇവരുടെ സുഹൃത്തും ആംബുലന്‍സ് ഡ്രൈവറുമായ അരുണിനെയും കേസില്‍ അറസ്റ്റു ചെയ്തിരുന്നു.