Sorry, you need to enable JavaScript to visit this website.

മിനി കൂപ്പര്‍ രാഷ്ട്രീയം വേണ്ട, എസ് എഫ് ഐയെ നിയന്ത്രിക്കണം; സി പി എം സംസ്ഥാന സമിതിയില്‍ ആവശ്യം

തിരുവന്തപുരം - മിനി കൂപ്പര്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാര്‍ട്ടിയില്‍ വേണ്ടെന്നും എസ് എഫ് ഐ നിയന്ത്രിക്കണമെന്നും സി പി എം സംസ്ഥാന സമിതിയില്‍ ആവശ്യം. പാര്‍ട്ടിക്ക് വലിയ പേരു ദേഷമുണ്ടാക്കുന്ന രീതിയിലാണ് പല നേതാക്കന്‍മാരുടെയും പെരുമാറ്റമെന്നും ഇത് തിരിച്ചടിയുണ്ടാക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നേതാക്കളുടെ മിനികൂപ്പര്‍ പ്രവണത തിരുത്തപ്പെടേണ്ടതാണെന്ന് സംസ്ഥാന കമ്മറ്റി അംഗങ്ങളില്‍ ചിലര്‍ പറഞ്ഞു. സി.ഐ.ടി.യു നേതാവ് മിനി കൂപ്പര്‍ വാങ്ങിയത് തെറ്റാണ്. ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത് ഉചിതമായെന്നും സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. ആഡംബര ജീവിതരീതിയോട് ആഭിമുഖ്യം തോന്നുന്ന പ്രവണത തിരുത്തപ്പെടേണ്ടതാണെന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്. മിനി കൂപ്പര്‍ വാങ്ങി ചിത്രം ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചതോടെയാണ് സി ഐ ടി യു നേതാവ് അനില്‍കുമാര്‍ വിവാദത്തിലായത്. തുടര്‍ന്ന് പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എസ് എഫ് ഐയെ നിയന്ത്രിക്കണമെന്നും ഇതിനായി സംഘടനാ തലത്തില്‍ ഇടപെടല്‍ വേണമെന്നും അഭിപ്രായമുയര്‍ന്നു. എസ് എഫ് ഐ നേതാക്കളുടെ വ്യാജരേഖയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഇത്തരം സംഭവങ്ങള്‍ സി പി എമ്മിനെ ഇകഴ്ത്തിക്കാട്ടുന്നതിലേക്കാണ് നീങ്ങിയത്. അതുകൊണ്ട് തന്നെ എസ് എഫ് ഐയില്‍ സംഘടനാപാരമായ ഇടപെടലുകള്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

 

Latest News